ആലപ്പുഴ:വീടിന്റെ അടുക്കളവാതില്‍ കുത്തിപ്പൊളിച്ച് സ്വര്‍ണവും പണവും കവര്‍ന്നു. രണ്ടു വീടുകളില്‍ മോഷണശ്രമവും ഉണ്ടായി. പുത്തന്‍ചന്ത ചാന്തുരൂത്തില്‍ സതീഷ് ഷേണായിയുടെ വീട്ടിലാണ് മോഷണം നടന്നത്. മൂന്നേകാല്‍ ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു മോഷണം.

gold theftകിടപ്പുമുറിയുടെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 12 പവന്‍ ആഭരണവും 1,000 സ്വിസ് ഫ്രാങ്കും 100 അമേരിക്കന്‍ ഡോളറുമാണ് നഷ്ടമായതെന്ന് കുത്തിയതോട് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പുലര്‍ച്ചെ ഒന്നേമുക്കാലോടെ ഉണര്‍ന്ന സതീഷ് ഷേണായി തുറന്നുകിടന്ന അടുക്കളവാതില്‍ അടച്ച് അകത്തേക്ക് നടക്കുന്നതിനിടെ സതീഷിനെ തള്ളി താഴെയിട്ടശേഷം മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.

തുറവൂര്‍ മംഗലശ്ശേരില്‍ രമേശിന്റെ വീടിന്റെ അടുക്കളവാതില്‍ കുത്തിപ്പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കള്‍ വീട്ടുകാരുണരുന്ന ശബ്ദംകേട്ട് ഓടി രക്ഷപ്പെട്ടു. തുറവൂര്‍ തട്ടുപറമ്പില്‍ ദാസന്റെ വീട്ടില്‍നിന്ന് ഇരുമ്പുപാര മോഷണം പോയിരുന്നു.

കുത്തിയതോട് സി.ഐ. എന്‍.സജീവ്, എസ്.ഐ. എ.ആര്‍.അഭിലാഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസും ആലപ്പുഴയില്‍നിന്നുള്ള വിരലടയാളവിദഗ്ധരും ഡോഗ് സ്‌ക്വാഡും വീടുകളിലെത്തി പരിശോധന നടത്തി.