ചെര്‍ക്കള: ആടുകളെ മോഷ്ടിച്ച് കാറില്‍ കടത്തുകയായിരുന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി.

ചെങ്കള ബേര്‍ക്കയിലെ അബൂബക്കര്‍ സുല്‍ഫിക് (23) ആണ് പിടിയിലായത്. ചെങ്കള ഇന്ദിരാനഗറില്‍ കഴിഞ്ഞ ദിവസം പ്രഭാതസവാരിക്കിറങ്ങിയവരാണ് നിര്‍ത്തിയിട്ട കാറില്‍ മൂന്ന് ആടുകളെ കണ്ടത്. സംശയത്തെ തുടര്‍ന്ന് നാട്ടുകാര്‍ മോഷ്ടാവിനെ തടഞ്ഞുവെച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു.

വിദ്യാനഗര്‍ എസ്.ഐ. കെ. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി ചോദ്യം ചെയ്തതോടെയാണ് മോഷണം വ്യക്തമായത്.

കാഞ്ഞങ്ങാട് മാണിക്കോത്തെ ഇറച്ചിക്കടയിലെ ജീവനക്കാരനാണ് പിടിയിലായ സുല്‍ഫിക്. ആടുകളെയും കോഴികളെയും വളര്‍ത്തി ഉപജീവനം നടത്തിവരുന്ന ചെങ്കള ചാമ്പലത്തെ ഫരീദയുടെ രണ്ട് കുട്ടനാടിനെയും ഒരു പെണ്ണാടിനെയുമാണ് മോഷ്ടിച്ചത്. മോഷ്ടാവിനെ പോലീസ് സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ ഫരീദ പരാതിയുമായി സ്റ്റേഷനില്‍ എത്തിയിരുന്നു. സുല്‍ഫിക്കിനെ കോടതി റിമാന്‍ഡ് ചെയ്തു. ഫരീദയുടെ വീട്ടില്‍നിന്ന് നാലുമാസം മുമ്പ് 29 പവന്‍ ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. കവര്‍ച്ചക്കാരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അതിന് പിന്നാലെയാണ് കുടുംബത്തിന്റെ ഉപജീവനമാര്‍ഗമായിരുന്ന ആടുകളെയും മോഷ്ടിച്ച് കടത്തിയത്.