പള്ളിക്കല്‍: പള്ളിക്കല്‍ സ്റ്റേഷന്‍ പരിധിയിലും സമീപപ്രദേശങ്ങളിലും നടന്ന ആടുമോഷണക്കേസുകളിലെ മുഖ്യപ്രതിയെ പള്ളിക്കല്‍ പോലീസ് അറസ്റ്റുചെയ്തു. പള്ളിപ്പുറം പാച്ചിറ ചായ്പുറത്ത് ഷെഫീഖ് മന്‍സിലില്‍ ഷെഫീഖ് (25)ആണ് അറസ്റ്റിലായത്. കേസില്‍ മൂന്നുപേരെ നേരത്തേ അറസ്റ്റുചെയ്തിരുന്നു.

അടുത്തിടെയായി പള്ളിക്കല്‍, ചടയമംഗലം, കിളിമാനൂര്‍ മേഖലകളില്‍ ആടുമോഷണം പതിവായിരുന്നു. 31-ന് പുലര്‍ച്ചെ മടവൂര്‍ ചാങ്ങയില്‍കോണത്ത് സജീനയുടെ ആടുകളെ മോഷ്ടിച്ചതിനെത്തുടര്‍ന്ന് ലഭിച്ച പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.മോഷണപരമ്പരയിലെ മുഖ്യസൂത്രധാരനാണ് അറസ്റ്റിലായ ഷഫീഖെന്ന് പോലീസ് പറഞ്ഞു.

Read Also: കരയാതിരിക്കാന്‍ മുഖത്ത് ഉപ്പ് തേക്കും, നക്കിത്തുടയ്ക്കുമ്പോള്‍ കടത്തും; മോഷ്ടിച്ചത് നിരവധി ആടുകളെ....

ഇയാളുടെ കാറാണ് മോഷ്ടിക്കുന്ന ആടുകളെ കടത്താന്‍ ഉപയോഗിച്ചിരുന്നത്. പകല്‍സമയം കറങ്ങിനടന്ന് ആടുകളുള്ള വീടുകള്‍ കണ്ടു വയ്ക്കും. രാത്രിയിലെത്തി മോഷണം നടത്തുകയായിരുന്നു പതിവ്. ഷഫീഖിനെതിരേ മറ്റു ജില്ലകളില്‍ കവര്‍ച്ചയടക്കം നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പള്ളിക്കല്‍ പോലീസ് പറഞ്ഞു.ആടിനെ കടത്താനുപയോഗിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ മറ്റൊരു വാഹനം സംഘടിപ്പിച്ചശേഷം നന്നാക്കുന്നതിനായി വര്‍ക് ഷോപ്പില്‍ കയറുന്നതിനിടെയാണ് ഷെഫീഖിനെ അറസ്റ്റുചെയ്തത്. പള്ളിക്കല്‍ എസ്.എച്ച്.ഒ. പി.ശ്രീജിത്ത്, എസ്.ഐ. സഹില്‍ എം., സി.പി.ഒ. സുധീര്‍, ഷമീര്‍, വിനീഷ് എസ്.സി.പി.ഒ. അനൂപ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.