പള്ളിക്കല്‍: പതിവായി ആടുമോഷണം നടത്തിവന്ന മൂന്നംഗസംഘത്തെ പള്ളിക്കല്‍ പോലീസ് അറസ്റ്റു ചെയ്തു. കന്യാകുമാരി ജില്ലയില്‍ രാമവര്‍മ്മന്‍ചിറ, മേപ്പാലം, നിരപ്പുകാലപുത്തന്‍വീട്ടില്‍ അശ്വിന്‍(23), പാല, പരവന്‍കുന്ന് മങ്കുഴിചാലില്‍വീട്ടില്‍ അമല്‍(21), പള്ളിപ്പുറം, പാച്ചിറ, ചായപ്പുറത്തുവീട് ഷഫീഖ്മന്‍സിലില്‍ ഷമീര്‍(21) എന്നിവരാണ് അറസ്റ്റിലായത്.

മാസങ്ങളായി പള്ളിക്കല്‍ മേഖലയില്‍ ആടുമോഷണ പരമ്പര തന്നെ നടന്നുവരികയായിരിന്നു. 31-ന് പുലര്‍ച്ചെ മൂന്നിന് മടവൂര്‍ ചാങ്ങയില്‍ക്കോണത്ത് ഹബീബ മന്‍സിലില്‍ സജീനയുടെ ആടിനെയും കുട്ടിയെയും മോഷ്ടിച്ചിരുന്നു. ഇവര്‍ നല്കിയ പരാതിയില്‍ പള്ളിക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രദേശത്തെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ മോഷ്ടാക്കള്‍ എത്തിയത് കാര്‍, ബൈക്ക്, സ്‌കൂട്ടര്‍ എന്നിവയിലാണെന്ന് വ്യക്തമായി. വാഹനങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ പാച്ചിറയിലുള്ള വീട്ടില്‍നിന്ന് അറസ്റ്റു ചെയ്തത്. മോഷ്ടിച്ച് കൊണ്ടുപോയ ആടുകളെ വീട്ടുപരിസരത്തുനിന്നു കണ്ടെത്തി. വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.

വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ മോഷണവിവരങ്ങള്‍ വ്യക്തമായത്. എലിക്കുന്നാംമുകളില്‍നിന്ന് മൂന്ന് ആടുകളെയും പുലിയൂര്‍ക്കോണത്തുനിന്നു മേല്‍ത്തരം ഇനത്തില്‍പ്പെട്ട ആടിനെയും തട്ടത്തുമലയിലെ പെരുങ്കുന്നത്തുനിന്നും ആടുകളെയും സംഘം മോഷ്ടിച്ചിരുന്നു. പള്ളിക്കല്‍ സ്റ്റേഷന്‍ പരിധിയില്‍മാത്രം ആടുമോഷണത്തിന്റെ അഞ്ച് കേസുകളുണ്ട്.

പിടിയിലായവര്‍ക്ക് തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ 15 സ്റ്റേഷനുകളിലായി പിടിച്ചുപറി, കവര്‍ച്ച, മാല പൊട്ടിക്കല്‍ കേസുകള്‍ നിലവിലുണ്ട്. പ്രതികളായ അമല്‍, ഷമീര്‍, ഇയാളുടെ മാതാവ് എന്നിവര്‍ ആറ്റിങ്ങലില്‍ 2.5 കിലോ കഞ്ചാവ് കടത്തിയ കേസിലെയും പ്രതികളാണ്. മറ്റു മോഷണങ്ങളില്‍ പിടിക്കപ്പെടാന്‍ സാധ്യത കൂടുതലുള്ളതിനാലാണ് ആടുമോഷണത്തിലേക്ക് തിരിഞ്ഞത്. പള്ളിക്കല്‍ എസ്.എച്ച്.ഒ. പി.ശ്രീജിത്ത്, എസ്.ഐ. സഹില്‍ എം., എ.എസ്.ഐ. മനു, അനില്‍കുമാര്‍, എസ്.സി.പി.ഒ. രാജീവ്, സി.പി.ഒ. ജയപ്രകാശ് എസ്.പി.ഷാഡോ ഡാന്‍സാഫ് അംഗങ്ങളായ എ.എസ്.ഐ. ദിലീപ്ഖാന്‍, സി.പി.ഒ. ഷിജു എന്നിവരുള്‍പ്പെട്ട സംഘം പിടികൂടിയ പ്രതികളെ കോടതി റിമാന്‍ഡു ചെയ്തു.

ആടിനെ കടത്തുന്നത് മുഖത്ത് ഉപ്പു തേച്ച്

മോഷണസംഘം പകല്‍ സമയങ്ങളില്‍ കറങ്ങിനടന്ന് ആടുകളുള്ള വീടുകള്‍ കണ്ടു വയ്ക്കും. രാത്രി മൂന്ന് വാഹനങ്ങളിലുമായെത്തി മോഷണം നടത്തും. ആടുകള്‍ കരയാതിരിക്കാനായി അവയുടെ മുഖത്ത് ഉപ്പ് തേക്കും. ഉപ്പ് നക്കിത്തുടയ്ക്കുന്നതിനാല്‍ ആടു കരയാതാവും. തുടര്‍ന്ന് കാറിലെത്തിച്ച് കടത്തിക്കൊണ്ടുപോകും. പിന്നീട് ഇറച്ചിവിലയ്ക്ക് വില്ക്കുകയുമാണ് പതിവ്. അറസ്റ്റിലായ ഷമീറില്‍നിന്നു പൊട്ടിയ സ്വര്‍ണമാലയും ലോക്കറ്റും ലഭിച്ചിട്ടുണ്ട്.

ഇയാള്‍ നിരവധി മാല പൊട്ടിക്കല്‍ കേസുകളിലെയും പ്രതിയാണ്. മോഷ്ടിച്ചെടുത്ത മാലയാണെന്ന് ബോധ്യമായതോടെ അതിനും പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളില്‍നിന്ന് കണ്ടെടുത്ത ആടുകളെ ഉടമകള്‍ക്ക് നല്‍കി.