പനജി:  ബി.ജെ.പി പ്രവര്‍ത്തകരില്‍നിന്ന് ബലാത്സംഗ ഭീഷണിയുണ്ടെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ പരാതി. ഗോവ മഹിളാ കോണ്‍ഗ്രസ് സെക്രട്ടറി ദിയാ ഷെട്ട്കറാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ബി.ജെ.പി നേതാവ് സുഭാഷ് ശിരോദ്കറിന്റെ അനുയായികളാണ് തനിക്കെതിരെ ഭീഷണി ഉയര്‍ത്തിയതെന്ന് ദിയാ ഷെട്ട്കര്‍ ആരോപിച്ചു. 

കഴിഞ്ഞദിവസം ഫോണിലൂടെയായിരുന്നു ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയത്‌.

ശിരോദ്കറിനെതിരെ പ്രചരണം നടത്തുകയോ അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ പ്രവേശിക്കുകയോ ചെയ്താല്‍ കൂട്ടബലാത്സംഗം ചെയ്യുമെന്നായിരുന്നു ഭീഷണി. ശിരോദ്കറിന്റെ അനുയായിയെന്ന് പരിചയപ്പെടുത്തിയ ആളാണ് ഫോണില്‍ വിളിച്ചതെന്നും, വളരെ മോശമായരീതിയിലാണ് അയാള്‍ സംസാരിച്ചതെന്നും ദിയ ഷെട്ട്കര്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും, എന്നാല്‍ തന്റെ പരാതി പോലീസ് ഗൗരവത്തിലെടുത്തിട്ടില്ലെന്നും ദിയ വ്യക്തമാക്കി. 

നേരത്തെ കോണ്‍ഗ്രസിലായിരുന്ന ശിരോദ്കര്‍ അടുത്തിടെയാണ് ബി.ജെ.പിയിലേക്ക് ചേക്കേറിയത്. ഇതിനുപിന്നാലെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം ശിരോദ്കറിന്റെ രാഷ്ട്രീയ ചുവടുമാറ്റത്തിനെതിരെ വ്യാപകപ്രചരണം നടത്തിയിരുന്നു.