ഭോപ്പാല്‍: കമിതാക്കളായ പെണ്‍കുട്ടികള്‍ ഒളിച്ചോടി വിവാഹം കഴിച്ചു. കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം നടത്തിയപ്പോള്‍ 'നവവധു'വിന് പ്രായം 18 വയസ്സിനും താഴെ. ഒടുവില്‍ 'നവവരനായ'  യുവതി പോക്‌സോ കേസില്‍ അറസ്റ്റിലുമായി. മധ്യപ്രദേശിലെ ശിവപുരി സ്വദേശിയായ യുവതിയെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയതിന് പോലീസ് അറസ്റ്റ് ചെയ്തത്. 

ബന്ധുക്കളായ പെണ്‍കുട്ടികള്‍ കഴിഞ്ഞ ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രണയം വളര്‍ന്നപ്പോള്‍ ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചു. യുവതിക്കൊപ്പം കസിനായ പെണ്‍കുട്ടി വീട് വിട്ടിറങ്ങുകയും വിവാഹം കഴിക്കുകയും ചെയ്തു. 

ജൂണ്‍ 22-നാണ് പെണ്‍കുട്ടികളെ കാണാനില്ലെന്ന പരാതി ലഭിക്കുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും കണ്ടെത്തി. തങ്ങള്‍ വിവാഹിതരായെന്നും ഒരുമിച്ച് താമസിക്കാനാണ് താല്‍പര്യമെന്നും പെണ്‍കുട്ടികള്‍ അറിയിച്ചു. എന്നാല്‍ ഇതിനിടെയാണ് യുവതിക്കൊപ്പമുള്ള പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മനസിലായത്. ഇതോടെ യുവതിയെ പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് ശേഷം വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു. 

Content Highlights: girls eloped and married, but groom arrested in pocso case