ബെംഗളൂരു: ആറും ഏഴും വയസ്സുള്ള പെൺകുട്ടികളെ മർദിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്ത അമ്മയും സുഹൃത്തും അറസ്റ്റിൽ. ഹാസൻ സ്വദേശികളായ രാജമ്മ (26), സുഹൃത്ത് ഹേമന്ത് (27) എന്നിവരെയാണ് രാജരാജേശ്വരി നഗർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

രാജമ്മയും ഹേമന്തും തമ്മിലുള്ള ബന്ധം കുട്ടികൾ ജയിലിലുള്ള അച്ഛനെ അറിയിച്ചതാണ് പ്രകോപന കാരണമെന്ന് പോലീസ് പറഞ്ഞു.

എട്ടുമാസം മുമ്പാണ് രാജമ്മയുടെ ഭർത്താവ് ഒരു കേസിൽ ശിക്ഷിക്കപ്പെട്ട് ഹാസനിലെ ജയിലിലാകുന്നത്. പിന്നീട് രണ്ടു പെൺകുട്ടികളുമായി ബെംഗളൂരുവിലേക്ക് താമസം മാറ്റുകയായിരുന്നു. സമീപവാസിയായിരുന്ന ഹേമന്തും ഇവരോടൊപ്പം നഗരത്തിലേക്ക് താമസം മാറി. രാജമ്മയുടെ ഭർത്താവ് ജയിലിൽനിന്ന് വിളിച്ചപ്പോൾ കുട്ടികൾ ഹേമന്തിനെക്കുറിച്ചുള്ള വിവരം പറയുകയായിരുന്നു. ഇതോടെ രണ്ടുകുട്ടികളെയും രാജമ്മയും ഹേമന്തുംചേർന്ന് ക്രൂരമായി മർദിച്ചു.

ചട്ടുകവും കത്തിയും ചൂടാക്കി കൈകളിൽ പൊള്ളിച്ചു. കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ സമീപവാസികൾ വിലക്കിയിട്ടും മർദനം തുടരുകയായിരുന്നു. ഇതോടെയാണ് അയൽക്കാർ പോലീസിൽ വിവരമറിയിച്ചത്. കുട്ടികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് രാജരാജേശ്വരി നഗർ പോലീസ് അറിയിച്ചു.