ഹൈദരാബാദ്: തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് വ്യാജ പരാതി ഉന്നയിച്ച കോളേജ് വിദ്യാര്‍ഥിനിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. ഗട്ട്‌കേസറിലെ കോളേജില്‍ ബി.ഫാം വിദ്യാര്‍ഥിനിയായ 19-കാരിയെയാണ് ബുധനാഴ്ച ബന്ധുവിന്റെ വീട്ടില്‍ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്. അമിതമായ അളവില്‍ ഗുളിക കഴിച്ചാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് വിവരം. അതേസമയം, സംഭവത്തില്‍ അന്വേഷണം നടത്തിയശേഷമേ കൂടുതല്‍വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയുകയുള്ളൂവെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ഫെബ്രുവരി പത്താം തീയതിയാണ് തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പെണ്‍കുട്ടി പരാതിപ്പെട്ടത്. വിജനമായസ്ഥലത്തുനിന്ന് തലയ്ക്ക് പരിക്കേറ്റനിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. എന്നാല്‍ പോലീസ് നടത്തിയ തുടരന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ പരാതി വ്യാജമാണെന്നും കുടുംബപ്രശ്‌നങ്ങള്‍ കാരണം വീട് വിട്ടിറങ്ങിയ പെണ്‍കുട്ടി തട്ടിക്കൊണ്ടുപോയെന്ന കള്ളക്കഥ മെനഞ്ഞതാണെന്നും കണ്ടെത്തി. ഇക്കാര്യം പത്രസമ്മേളനം വിളിച്ച് പോലീസ് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പത്ത് ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയിരിക്കുന്നത്. 

ഫെബ്രുവരി പത്തിന് ഗട്ട്കേസറിലെ കോളേജില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയ 19-കാരിയെ ഓട്ടോ ഡ്രൈവറും മറ്റുമൂന്നുപേരും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്നവിവരം. തന്നെ തട്ടിക്കൊണ്ടുപോയതായി പെണ്‍കുട്ടി തന്നെയാണ് വീട്ടുകാരെ വിളിച്ചറിയിച്ചത്. വീട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയും പോലീസ് സംഘം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് ഒന്നരമണിക്കൂറിനുള്ളില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തു. തലയ്ക്ക് മുറിവേറ്റ്, വസ്ത്രം കീറിയനിലയിലാണ് ആളൊഴിഞ്ഞസ്ഥലത്തുനിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഉടന്‍തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കേസില്‍ പ്രതികളെ കണ്ടെത്താനായി 12 പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പോലീസ് അന്വേഷണവും ആരംഭിച്ചു. 

ഓട്ടോ ഡ്രൈവര്‍മാരെ കേന്ദ്രീകരിച്ചായിരുന്നു പോലീസ് സംഘം ആദ്യം അന്വേഷണം നടത്തിയത്. ഇതിനിടെ ചില ഓട്ടോ ഡ്രൈവര്‍മാരുടെ ഫോട്ടോകള്‍ പോലീസ് പെണ്‍കുട്ടിക്ക് കാണിച്ചുനല്‍കി. ഇതില്‍നിന്ന് ഒരാളെ പെണ്‍കുട്ടി തിരിച്ചറിയുകയും ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി പറഞ്ഞകാര്യങ്ങളും സാഹചര്യത്തെളിവുകളും ഒത്തുവന്നില്ല. മാത്രമല്ല, തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ സമയം പെണ്‍കുട്ടി നഗരത്തിലെ മറ്റൊരിടത്തുകൂടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ വിശദമായി ചോദ്യംചെയ്തതോടെയാണ് തട്ടിക്കൊണ്ടുപോകല്‍ കള്ളക്കഥയാണെന്ന് ബോധ്യപ്പെട്ടത്. 

കുടുംബപ്രശ്നങ്ങള്‍ കാരണം വീട് വിട്ടിറങ്ങാന്‍ പെണ്‍കുട്ടി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് തന്നെ തട്ടിക്കൊണ്ടുപോയെന്ന് വീട്ടില്‍ വിളിച്ച് പറഞ്ഞത്. എന്നാല്‍ സംഭവത്തില്‍ പോലീസ് ഇടപെട്ടതോടെ പെണ്‍കുട്ടി പരിഭ്രമിച്ചു. കള്ളം പറഞ്ഞത് പുറത്തറിയുമോ എന്ന ഭയത്താല്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തി സ്വയം വസ്ത്രങ്ങള്‍ കീറി. തലയില്‍ മുറിവേല്‍പ്പിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ താന്‍ പീഡിപ്പിക്കപ്പെട്ടതായും പെണ്‍കുട്ടി പരാതിപ്പെടുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തില്‍ ഇതെല്ലാം വ്യാജമാണെന്ന് കണ്ടെത്തുകയും ഒടുവില്‍ പെണ്‍കുട്ടി തന്നെ അന്വേഷണസംഘത്തോട് സത്യം വെളിപ്പെടുത്തിയെന്നും റാച്ചക്കോണ്ട പോലീസ് കമ്മീഷണര്‍ മഹേഷ് ഭാഗവത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സംഭവസമയം പെണ്‍കുട്ടി മറ്റൊരിടത്തുകൂടി നടന്നുപോകുന്ന വിവിധ സിസിടിവി ദൃശ്യങ്ങളും പോലീസ് മാധ്യമപ്രവര്‍ത്തകരെ കാണിച്ചിരുന്നു. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

 

Content Highlights: girl who filed fake kidnap and rape complaint commits suicide