നെടുങ്കണ്ടം: അമ്മയോട് പിണങ്ങി കേരള-തമിഴ്നാട് അതിര്‍ത്തി വനത്തിലെ നടവഴിയിലൂടെ തമിഴ്നാട്ടിലെ കാമുകന്റെ വീട്ടിലേക്കുപോയ പെണ്‍കുട്ടിയെ നെടുങ്കണ്ടം പോലീസ് കണ്ടെത്തി തിരിച്ചെത്തിച്ചു. വനത്തിനുള്ളിലൂടെ തനിച്ച് കിലോമീറ്ററുകള്‍ നടന്നാണ് 17-കാരിയായ പെണ്‍കുട്ടി കാമുകന്റെ വീട്ടിലെത്തിയത്. 

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് നെടുങ്കണ്ടം പാറത്തോട്ടിലെ വീട്ടില്‍നിന്ന് പെണ്‍കുട്ടി കാമുകനെ തേടി വീടുവിട്ടിറങ്ങിയത്. അമ്മയോട് വഴക്കിട്ട് ഉറങ്ങാന്‍കിടന്ന പെണ്‍കുട്ടി രാവിലെ മാതാപിതാക്കള്‍ എഴുന്നേല്‍ക്കുന്നതിന് മുമ്പ് സ്ഥലം വിട്ടു. 

പെണ്‍കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്‍കി. സൈബര്‍സെല്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ തേവാരത്തുള്ളതായി കണ്ടെത്തി. തുടര്‍ന്ന് തമിഴ്നാട് തേവാരം പോലീസുമായി ബന്ധപ്പെട്ടാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

Content Highlights: girl walks alone to tamilnadu to meet her lover through forest premise in idukki