പാറശ്ശാല: രണ്ടു വർഷം മുൻപ് പതിനാറുകാരി ആത്മഹത്യ ചെയ്തത് പീഡനം മൂലമാണെന്നു കണ്ടെത്തിയതിനെ തുടർന്ന് സഹോദരനും പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നെന്നു പറയുന്ന യുവാവും അറസ്റ്റിലായി.

പെൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതായുള്ള ശാസ്ത്രീയതെളിവകൾ ലഭിച്ചതോടെയാണ് പാറശ്ശാല പോലീസ് ഇരുവരെയും അറസ്റ്റുചെയ്തത്. പെൺകുട്ടിയുടെ കാമുകൻ മുര്യങ്കര പാതിരിയോട് കോളനിയിൽ കിരൺ(21) ആണ് അറസ്റ്റിലായ ഒരാൾ.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: കിരൺ മൊബൈൽ ഫോൺ വാങ്ങിനൽകിയതിന് സഹോദരൻ വഴക്കുപറഞ്ഞതിനെ തുടർന്ന് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾ പരാതി നൽകിയിരുന്നു. പാറശ്ശാല പോലീസ് 2018-ൽ എടുത്ത കേസിലാണ് രണ്ടുപേരും പിടിയിലായത്. പോസ്റ്റുമോർട്ടത്തിൽ പെൺകുട്ടി ലൈംഗികപീഡനത്തിന് ഇരയായെന്നു കണ്ടെത്തിയതാണ് വഴിത്തിരിവായത്. തുടർന്നു നടത്തിയ ആന്തരികാവയവ പരിശോധനയിൽ ബീജത്തിന്റെ സാന്നിധ്യവും കണ്ടെത്തി. ഇതോടെ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

പെൺകുട്ടിയുമായും വീടുമായും അടുപ്പമുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിട്ടും പ്രതികളെ കണ്ടെത്താനായില്ല. തുടർന്നാണ് സംശയിക്കുന്നവരുടെ രക്തം ശേഖരിച്ച് ഡി.എൻ.എ. പരിശോധന നടത്താൻ തീരുമാനിച്ചത്. നാലു പേരുടെ രക്തം ശേഖരിച്ചിരുന്നു. ഈ പരിശോധനയിലാണ് പീഡനം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടത്. ഇതോടെ പാറശ്ശാല സി.ഐ. ഇ.കെ.സോൾജി മോൻ, എസ്.ഐ. ശ്രീജിത്ത് ജനാർദ്ദനൻ, സി.പി.ഒ. ദീപു, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)