വൈത്തിരി: പ്രണയ നൈരാശ്യത്തില്‍ വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രധാന പ്രതി ദീപുവിന്റെ സുഹൃത്ത് പാലക്കാട് മണ്ണാര്‍ക്കാട് ശിവന്‍കുന്ന് കിഴക്കേതില്‍ ജിഷ്ണുവിനും (21) പങ്കുള്ളതായി പോലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകീട്ടാണ് പാലക്കാട് മണ്ണാര്‍ക്കാട് ശിവന്‍കുന്ന് അമ്പലക്കുളത്തില്‍ വീട്ടില്‍ ദീപു (23) പെണ്‍കുട്ടിയെ ആക്രമിച്ചത്. ഇരുവരുടെയും പേരില്‍ വധശ്രമത്തിന് പോലീസ് കേസെടുത്തു. തിങ്കളാഴ്ച ആക്രമണത്തിനുശേഷം ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ജിഷ്ണുവിനെ അടിവാരത്തുനിന്നാണ് പോലീസ് പിടികൂടിയത്.

ശനിയാഴ്ചയാണ് ദീപുവും ജിഷ്ണുവും ലക്കിടിയില്‍ എത്തിയത്. അന്ന് മൂന്നുപേരും ഒരുമിച്ച് ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചിരുന്നു. സൗഹൃദത്തിന്റെ പേരില്‍ പോയതാണെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. 2018 മുതല്‍ ദീപുവും വിദ്യാര്‍ഥിനിയും ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളായിരുന്നെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി കോടഞ്ചേരിയിലെ ഒരു സ്ഥാപനത്തില്‍ പഠിക്കുന്നതിനിടെയാണ് ഇരുവരും അടുത്തത്. ദീപു പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ഥന നടത്തിയതോടെയാണ് പ്രശ്‌നം തുടങ്ങിയത്. ദീപുവുമായി സൗഹൃദംമാത്രമാണ് ഉണ്ടായിരുന്നതെന്നും വിവാഹം എന്നരീതിയില്‍ ബന്ധത്തെ കണ്ടിരുന്നില്ലെന്നുമാണ് പെണ്‍കുട്ടി പോലീസിനു മൊഴി നല്‍കിയത്. പ്രണയമുണ്ടായിരുന്നെന്നും പിന്മാറിയതിനാലാണ് ആക്രമിച്ചതെന്നുമാണ് ദീപു പോലീസിനോടു പറഞ്ഞത്.

തിങ്കളാഴ്ച കോളേജ് വിട്ട് ലക്കിടിയിലെ താമസസ്ഥലത്തേക്കു പോകുന്നതിനിടെയാണ് സുഹൃത്ത് ജിഷ്ണുവിനൊപ്പമെത്തിയ ദീപു പെണ്‍കുട്ടിയെ ആക്രമിച്ചത്. മുഖത്തും കഴുത്തിനും കൈയ്ക്കും പരിക്കേറ്റ പെണ്‍കുട്ടി മേപ്പാടിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.