മീററ്റ്: ഉത്തർപ്രദേശിൽ കാമുകനൊപ്പം ഒളിച്ചോടിയ 16-കാരിയെ സഹോദരൻ വെടിവെച്ച് കൊലപ്പെടുത്തി. മീററ്റിലെ സർധാന പോലീസ് സ്റ്റേഷൻ പരിധിയിലെ ചുർ ഗ്രാമത്തിലെ ശേഖർകുമാറാണ്(19) തന്റെ ഇളയ സഹോദരിയെ വെടിവെച്ച് കൊന്നത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കേസിൽ ശേഖർ കുമാറിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

കൊല്ലപ്പെട്ട പെൺകുട്ടി ജൂൺ 13-ാം തീയതി കാമുകനൊപ്പം ഒളിച്ചോടിയിരുന്നു. പിറ്റേദിവസം മഥുരയിൽനിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. വീട്ടിൽ തിരിച്ചെത്തിയെങ്കിലും ഒളിച്ചോടിയസംഭവത്തിൽ സഹോദരിയുമായി ശേഖർകുമാർ വഴക്കിട്ടിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും സഹോദരിയോടുള്ള ദേഷ്യം കുറഞ്ഞതുമില്ല. ഇതിനുപിന്നാലെയാണ് വെള്ളിയാഴ്ച രാത്രി ശേഖർകുമാർ വീട്ടിൽവെച്ച് സഹോദരിയെ വെടിവെച്ച് കൊലപ്പെടുത്തിയത്.

സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയായ ശേഖർകുമാറിനെ വീട്ടിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച നാടൻത്തോക്കും കണ്ടെടുത്തിട്ടുണ്ട്.

Content Highlights:girl shot dead by brother after eloping with lover in uttar pradesh