മുംബൈ:  പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ ടിക്ടോക് താരമായ 16-കാരനും രണ്ട് സുഹൃത്തുക്കള്‍ക്കും എതിരേ പോലീസ് കേസെടുത്തു. ടിക്ടോകിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നും ആക്രമിച്ചെന്നും സ്വകാര്യചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് കേസെടുത്തത്. ഉപദ്രവം നേരിട്ട 17-കാരിയും ടിക്ടോക് താരമാണ്. 

ടിക്ടോകില്‍ സജീവമായിരുന്ന 16-കാരനും 17-കാരിയും കഴിഞ്ഞ വര്‍ഷമാണ് പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് അടുപ്പമായി മാറി. പിന്നാലെ ഇരുവരുടെയും ബന്ധത്തില്‍ വഴക്കും പതിവായി. പെണ്‍കുട്ടി ബന്ധത്തില്‍നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു. ഇതോടെയാണ് 16-കാരന്‍ ഭീഷണിയും ഉപദ്രവവും തുടങ്ങിയത്. 

ബന്ധത്തില്‍നിന്ന് പിന്മാറിയാല്‍ സ്വകാര്യചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുമെന്നായിരുന്നു 16-കാരന്റെ ഭീഷണി. എന്നാല്‍ പെണ്‍കുട്ടി തീരുമാനത്തില്‍ ഉറച്ചുനിന്നു. തുടര്‍ന്ന് നേരത്തെ നല്‍കിയ സമ്മാനങ്ങള്‍ തിരികെനല്‍കാനെന്ന് പറഞ്ഞ് 16-കാരന്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ചു. ഇവിടെവെച്ച് 16-കാരനും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. വടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതായും പരാതിയിലുണ്ട്. 

ആക്രമണത്തിനിരയായ പെണ്‍കുട്ടി തിരികെ വീട്ടിലെത്തി അമ്മയോടാണ് ആദ്യം വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയും സഹോദരനും പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ കേസെടുത്തതായും പ്രതികളെ പിടികൂടുമെന്നും പോലീസ് പറഞ്ഞു. 

Content Highlights: girl sexually assaulted in mumbai case against 16 year old tik tok star