ലഖ്‌നൗ: കാമുകിയുടെ ബന്ധുക്കള്‍ യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ജീവനോടെ കത്തിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഇയാളെ സയ്ഫായ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ഏത്വാ ജില്ലയിലാണ് സംഭവം. നരേന്ദ്ര ഷാക്കിയ എന്ന യുവാവിനെയാണ് കാമുകിയുടെ ബന്ധുക്കള്‍ മണ്ണെണ്ണ ഒഴിച്ച്  തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. 

അലിഗഞ്ച് സ്വദേശിയായ നരേന്ദ്രയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും തമ്മില്‍ വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍നിന്ന് എതിര്‍പ്പ് ശക്തമായതിനാല്‍ കഴിഞ്ഞദിവസം ഇരുവരും ഒളിച്ചോടി. തുടര്‍ന്ന് യുവാവിനെ കണ്ടെത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വിവാഹക്കാര്യം സംസാരിക്കാമെന്ന് പറഞ്ഞ് ഇയാളെ വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ചാണ് യുവാവിനു നേരെ ബന്ധുക്കളുടെ ആക്രമണമുണ്ടായത്. 

നരേന്ദ്രയെ മുറിയില്‍ പൂട്ടിയിട്ടശേഷം ക്രൂരമായി മര്‍ദിച്ചു. പെണ്‍കുട്ടിയെ എവിടെയാണ് ഒളിപ്പിച്ചതെന്ന് ചോദിച്ചെങ്കിലും യുവാവ് മറുപടി നല്‍കിയില്ല. ഇതിനുപിന്നാലെയാണ് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. ദേഹമാസകലം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയശേഷം അക്രമികള്‍ വീട്ടില്‍നിന്ന് പുറത്തേക്ക് ഓടി. ഇതിനിടെ യുവാവിന്റെ കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികളാണ് പോലീസില്‍ വിവരമറിയിച്ചത്. ഗുരുതരമായി പൊള്ളലേറ്റ നരേന്ദ്രയെ സമീപത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കളായ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി അലിഗഞ്ച് പോലീസ് സൂപ്രണ്ട് സഞ്ജയ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.