താനെ: 17-കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവും കാമുകനും അറസ്റ്റിൽ. താനെയിലെ സ്കൂൾ അധ്യാപകനായ 51-കാരനെയും പെൺകുട്ടിയുടെ കാമുകനായ 21-കാരനെയുമാണ് തിങ്കളാഴ്ച പോലീസ് പിടികൂടിയത്. ഇരുവരും തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പെൺകുട്ടി നേരത്തെ മൊഴി നൽകിയിരുന്നു.

മൂന്ന് ദിവസം മുമ്പ് വാസിന്ദ് ടൗണിലെ റോഡരികിൽ ഭ്രൂണാവശിഷ്ടം കണ്ടെത്തിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ഉപേക്ഷിക്കപ്പെട്ട ഭ്രൂണം 17-കാരിയുടേതാണെന്ന് തിരിച്ചറിഞ്ഞു. പെൺകുട്ടിയെ ചോദ്യംചെയ്തതോടെ പീഡനവിവരം തുറന്നുപറയുകയായിരുന്നു.

സ്കൂൾ അധ്യാപകനായ പിതാവും കാമുകനും നിരവധി തവണ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. നേരത്തെ പൻവേലിൽ താമസിച്ചിരുന്ന സമയത്താണ് 21-കാരനുമായി പെൺകുട്ടി അടുപ്പത്തിലായത്. കുടുംബം ഈ ബന്ധത്തെ എതിർക്കുകയും പിന്നീട് വാസിന്ദിലേക്ക് താമസം മാറ്റുകയും ചെയ്തു. എന്നാൽ താമസം മാറിയെങ്കിലും പെൺകുട്ടിയും കാമുകനും പലതവണ പരസ്പരം കണ്ടിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പോക്സോ നിയമപ്രകാരമടക്കമാണ് പ്രതികൾക്കെതിരേ കേസെടുത്തിരിക്കുന്നത്. പ്രതികളുടെ ഡി.എൻ.എ. പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു.

Content Highlights:girl raped in thane her father and lover arrested