ചെന്നൈ: അച്ഛനുമമ്മയും നഷ്ടമായ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ബന്ധുക്കളടക്കം ഒമ്പതുപേരെ പോലീസ് അറസ്റ്റുചെയ്തു. പ്രതികളിലൊരാള്‍ 77-കാരനാണ്. വിഴുപുരം ജില്ലയിലെ സെഞ്ചിക്കടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. മാതൃസഹോദരിയുടെ മുപ്പത്തിരണ്ടുകാരനായ മകന്‍, വെങ്കടേശന്‍ (77), ഇളയരാജ (28), എം. വെങ്കടേശന്‍ (24), പ്രഭു (37), ബാബു (22), ഏഴുമല (26), സത്യരാജ് (28) എന്നിവരാണ് പിടിയിലായത്. പീഡനവിവരം മറയ്ക്കാന്‍ ശ്രമിച്ചതിന് അമ്പതുകാരിയായ മാതൃസഹോദരിയെയും അറസ്റ്റുചെയ്തു.

ശാരീരികാസ്വസ്ഥതകളെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംഭവം പുറത്തായത്. ചൈല്‍ഡ് ലൈന്‍ അധികൃതരുടെ പരാതിയില്‍ കേസെടുത്ത സെഞ്ചി ഓള്‍ വുമണ്‍ പോലീസ് പ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു.

പ്ലസ്വണ്‍ വിദ്യാര്‍ഥിയായ പെണ്‍കുട്ടി മാതൃസഹോദരിയുടെ വീട്ടിലായിരുന്നു താമസമെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് മാതൃസഹോദരിയുടെ മകനാണ് ആദ്യം പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. പിന്നീട് ബലം പ്രയോഗിച്ച് പീഡനം പതിവാക്കി. ഇതറിഞ്ഞ മറ്റുരണ്ടുബന്ധുക്കളും നാട്ടുകാരായ അഞ്ചുപേരും കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന് പോലീസ് പറയുന്നു.

ഏഴുമാസത്തോളം പീഡനം തുടര്‍ന്നു. ഇതിനിടെയാണ് മാതൃസഹോദരിക്കൊപ്പം വിഴുപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്‌ക്കെത്തിയത്. ഗര്‍ഭപരിശോധനയ്ക്ക് നിര്‍ദേശിച്ചെങ്കിലും പെണ്‍കുട്ടിയും ബന്ധുവും മടങ്ങിയത് ശ്രദ്ധയില്‍പ്പെട്ട ഡോക്ടര്‍മാര്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് വിവരം കൈമാറുകയായിരുന്നു. പോലീസ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ ശിശുക്ഷേമസമിതിയുടെ സംരക്ഷണത്തില്‍ വിഴുപുരത്തെ അഭയകേന്ദ്രത്തിലേക്ക് മാറ്റി.