ലഖ്‌നൗ: ഐ.സി.യുവില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയെ വാര്‍ഡ് ബോയ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. ഉത്തര്‍പ്രദേശിലെ മീററ്റിലെ കെയര്‍ നഴ്‌സിങ് ഹോമിലാണ് സംഭവം. സംഭവത്തില്‍ ആശുപത്രിയിലെ വാര്‍ഡ് ബോയും ഗോസിപുര്‍ സ്വദേശിയുമായ ഖാസിമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ്. 

മജീദ്‌നഗര്‍ സ്വദേശിനിയായ 18 വയസ്സുകാരിയെ കടുത്ത പനിയെ തുടര്‍ന്ന് മെയ് 27-നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഐ.സി.യുവിലേക്കും മാറ്റി. ഇവിടെവെച്ച് വാര്‍ഡ് ബോയ് ആയ ഖാസിം മയങ്ങാനുള്ള ഇന്‍ജക്ഷന്‍ നല്‍കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. വിവരം പുറത്തുപറഞ്ഞാല്‍ വിഷം കുത്തിവെച്ച് കൊല്ലുമെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. 

പീഡനത്തിനിരയായ പെണ്‍കുട്ടി സഹോദരന്റെ ഭാര്യയോട് ഇതേക്കുറിച്ച് പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് കുടുംബം ലിസരി ഗേറ്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. 

അതേസമയം, പരാതി ഒതുക്കിതീര്‍ക്കാന്‍ സ്റ്റേഷനിലെ എസ്.എച്ച്.ഒ. ശ്രമിച്ചതായും കുടുംബം ആരോപണം ഉന്നയിച്ചിട്ടുണ്ട്. പ്രതിയും പരാതിക്കാരുമായി ഒത്തുതീര്‍പ്പുണ്ടാക്കാനായിരുന്നു പോലീസ് ആദ്യം ശ്രമിച്ചത്. പ്രതിയുടെ കൂട്ടാളികള്‍ പരാതി പിന്‍വലിപ്പിക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. കുടുംബം സര്‍ക്കിള്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയെങ്കിലും അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കാനും എസ്.എച്ച്.ഒ. ശ്രമിച്ചു.

പെണ്‍കുട്ടിയുടെ കുടുംബം രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു എസ്.എച്ച്.ഒ. ആദ്യം പറഞ്ഞത്. ഇതിനിടെ, വിവരമറിഞ്ഞ് പെണ്‍കുട്ടിയുടെ സഹോദരന്‍ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പീഡനം നടന്ന സമയത്ത് സിസിടിവി ഓഫ് ചെയ്തിരുന്നതായും കണ്ടെത്തി. ഏകദേശം 40 മിനിറ്റോളമാണ് സിസിടിവി പ്രവര്‍ത്തനരഹിതമായിരിക്കുന്നത്. സിസിടിവി ഓഫ് ചെയ്ത ശേഷമാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന സംശയവും ഇതോടെ ബലപ്പെട്ടിട്ടുണ്ട്.

Content Highlights: girl raped in icu by ward boy in uttar pradesh