ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായ പീഡിപ്പിച്ച കേസില്‍ 15 വയസ്സുകാരനായ സഹോദരന്‍ അറസ്റ്റില്‍. ചെന്നൈ വിള്ളിവാക്കം വനിതാ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് 15 വയസ്സുകാരനെ അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് ജുവനൈല്‍ ഹോമിലേക്ക് മാറ്റി. 

14 വയസ്സുകാരിയാണ് സഹോദരന്റെ ലൈംഗിക പീഡനത്തിനിരയായത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു സഹോദരന്റെ ക്രൂരത. പെണ്‍കുട്ടിയെ കൈയും കാലും കെട്ടിയിട്ടശേഷമായിരുന്നു പീഡിപ്പിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ പീഡനം ആരംഭിച്ചെന്നും പലതവണ ആവര്‍ത്തിച്ചെന്നും പരാതിയില്‍ പറയുന്നതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. 

കുട്ടികളുടെ അമ്മയുടെ ആദ്യഭര്‍ത്താവിലുള്ളതാണ് രണ്ട് കുട്ടികളും. ആദ്യഭര്‍ത്താവില്‍നിന്ന് പിരിഞ്ഞശേഷം മറ്റൊരാളെ വിവാഹം കഴിച്ച് ഇയാളോടൊപ്പമാണ് അമ്മയും കുട്ടികളും താമസിച്ചിരുന്നത്. ഇതിനിടെയാണ് പെണ്‍കുട്ടിയെ സഹോദരന്‍ പീഡനത്തിനിരയാക്കിയത്. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ക്ലാസിലെ കൂട്ടുകാരിയോട് പെണ്‍കുട്ടി ഇക്കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞു. തുടര്‍ന്ന് കൂട്ടുകാരി പെണ്‍കുട്ടിയുടെ ബന്ധുക്കളെ വിവരമറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. 

സംഭവത്തില്‍ പോക്‌സോ നിയമപ്രകാരമടക്കമാണ് 15 വയസ്സുകാരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സഹോദരങ്ങളില്‍നിന്ന് പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. 

Content Highlights: girl raped by her brother,15 year old accused arrested in chennai