കൊൽക്കത്ത: ബംഗാളിലെ വെസ്റ്റ് മിഡ്നാപൂരിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പോലീസ്. കേസിൽ കെട്ടിടനിർമാണ തൊഴിലാളികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സംഭവത്തിന് രാഷ്ട്രീയ,സാമുദായിക മാനമില്ലെന്നും ഖരഗ്പുർ അഡീഷണൽ എസ്.പി. റാണാ മുഖർജി പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പെൺകുട്ടിയുടെ പിതാവും വ്യക്തിമായിട്ടുണ്ടെന്ന് ഇന്ത്യാ ടുഡേയുടെ റിപ്പോർട്ടിൽ പറയുന്നു.

ബി.ജെ.പിയെ പിന്തുണച്ചതിന്റെ പേരിൽ വെസ്റ്റ് മിഡ്നാപൂരിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നായിരുന്നു സാമൂഹികമാധ്യമങ്ങളിലെ പ്രചാരണം. അതേസമയം, പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന വിവരം സത്യമാണെന്നും എന്നാൽ സംഭവത്തിന് രാഷ്ട്രീയ, സാമുദായിക ബന്ധമില്ലെന്നുമാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അറസ്റ്റിലായ മൂന്ന് പേരിൽ ഒരാൾ സ്ത്രീയാണ്. പ്രതികളും ഇരയും ഒരേ സമുദായത്തിൽപ്പെട്ടവരുമാണ്. പെൺകുട്ടിയുടെ പിതാവ് ഇക്കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

സംഭവത്തെക്കുറിച്ച് പെൺകുട്ടിയുടെ പിതാവ് പറഞ്ഞത് ഇങ്ങനെ:-''ഉച്ചഭക്ഷണത്തിന് ശേഷം പാത്രങ്ങൾ കഴുകാൻ പോയ അവളെ കാണാതാവുകയായിരുന്നു. തുടർന്ന് എല്ലായിടത്തും ഞങ്ങൾ തിരച്ചിൽ നടത്തി. അവസാനം നിർമാണത്തിലിരിക്കുന്ന ഒരു വീട്ടിൽനിന്നാണ് അവളുടെ മൃതദേഹം കണ്ടെത്തിയത്. ഒരു സ്ത്രീ ഉൾപ്പെടെയുള്ള തൊഴിലാളികളാണ് അവിടെ ജോലിചെയ്തിരുന്നത്. അവർക്കെതിരേ പോലീസിൽ പരാതിയും നൽകി''.

പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ ബെൽഡ സ്വദേശി ബി.മുർമു, ജാർഖണ്ഡ് സ്വദേശി ഛോട്ടുമുണ്ട, സബാങ് സ്വദേശി താപ്തി പത്ര എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ കുറ്റംസമ്മതിച്ചതായും കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഡി.എൻ.എ. റിപ്പോർട്ടിൽ ബലാത്സംഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും അഡീ. എസ്.പി. റാണാ മുഖർജി പറഞ്ഞു.

അതിനിടെ, തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബംഗാളിലെ വിവിധയിടങ്ങളിലുണ്ടായ അക്രമസംഭവങ്ങളിൽ ഇതുവരെ 14 പേരാണ് കൊല്ലപ്പെട്ടത്. ബി.ജെ.പി-തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. തൃണമൂൽ പ്രവർത്തകർ തങ്ങളുടെ പ്രവർത്തകരെ ആക്രമിക്കുകയും വീടുകൾ കൊള്ളയടിക്കുകയുമാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. നാനൂർ മണ്ഡലത്തിൽ ബി.ജെ.പിയുടെ ബൂത്ത് ഏജന്റുമാരായ രണ്ട് സ്ത്രീകളെ തൃണമൂൽ പ്രവർത്തകർ കൂട്ടബലാത്സംഗം ചെയ്തതായും ബി.ജെ.പി. ആരോപിച്ചു. എന്നാൽ ഇത് തെറ്റാണെന്നാണ് പോലീസിന്റെ വിശദീകരണം.

Content Highlights:girl raped and murdered in west midnapore bengal police arrested three and says no political angle