ചിത്രദുർഗ: കർണാടകയിലെ ചിത്രദുർഗയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ചിത്രദുർഗ ഇസ്സാമുദ്ര ഗ്രാമത്തിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. വീടിന് സമീപത്തെ ചോളപ്പാടത്താണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇളയ സഹോദരിയുമായി മാതാപിതാക്കൾ ആശുപത്രിയിൽ പോയതിനാൽ 13 വയസ്സുകാരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇതിനിടെ, പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനായി കുട്ടി സമീപത്തെ ചോളപ്പാടത്തേക്ക് പോവുകയായിരുന്നു. പിന്നീട് മാതാപിതാക്കൾ വീട്ടിൽ തിരിച്ചെത്തിയിട്ടും പെൺകുട്ടിയെ കണ്ടില്ല. അയൽക്കാരോട് അന്വേഷിച്ചപ്പോഴാണ് കുട്ടി പാടത്തേക്ക് പോയെന്ന വിവരം ലഭിച്ചത്. തുടർന്ന് തിരച്ചിൽ നടത്തിയപ്പോൾ പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

ശരീരമാസകലം പരിക്കേറ്റനിലയിലായിരുന്നു മൃതദേഹം. മുഖത്തും കഴുത്തിലും മാരകമായ മുറിവുകളുണ്ട്. സംഭവത്തിൽ പോക്സോ നിയമപ്രകാരമടക്കം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Content Highlights:girl raped and murdered in chitradurga karnataka