ഹരിപ്പാട്: വീട്ടുകാരോടുപിണങ്ങി സൈക്കിളിൽ വീടുവിട്ടിറങ്ങിയ പത്തുവയസ്സുകാരിയെ പോലീസ് ഇടപെട്ട് വീട്ടിലെത്തിച്ചു.

30 കിലോമീറ്ററോളം യാത്രചെയ്ത കുട്ടി ഒരുവീട്ടിൽ വെള്ളം ചോദിച്ചെത്തിയപ്പോൾ സംശയം തോന്നിയ വീട്ടുകാർ പ്രദേശത്തെ ജനപ്രതിനിധികളെ വിവരമറിയിച്ചു. അവർ പോലീസിനെ വിളിച്ച് കുട്ടിയെ കൈമാറുകയായിരുന്നു.

വള്ളികുന്നം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കുട്ടി ശനിയാഴ്ച രാവിലെയാണ് വീടുവിട്ടറങ്ങിയത്. അധികം വൈകാതെ സാമൂഹിക മാധ്യമങ്ങളിലൂടെ കുട്ടിയെ അന്വേഷിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ പരന്നു.

അതിനിടെ വള്ളികുന്നം, കായംകുളം സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ കുട്ടിയെ തിരഞ്ഞ് ഇറങ്ങി. കായംകുളത്തുനിന്നു ദേശീയപാതയിലൂടെ കുട്ടി വടക്കോട്ടുപോയതായി വിവരം ലഭിച്ചതിനെത്തുടർന്ന് ഹൈവേ പോലീസും തിരച്ചിൽ തുടങ്ങി. പുന്നപ്രഭാഗത്തുകൂടി ഒരു പെൺകുട്ടി സൈക്കിളിൽ പോകുന്നതായി വിവരം ലഭിച്ചതിനാൽ അവിടെയും തിരച്ചിൽ നടത്തി.

പത്തുമണിയോടെ കരുവാറ്റ കന്നുകാലിപ്പാലത്തെ പെട്രോൾ ബങ്കിനു സമീപത്തെ വീട്ടിലാണ് പെൺകുട്ടി വെള്ളം ചോദിച്ചെത്തിയത്. സൈക്കിൾ ചവിട്ടി വിയർത്തു കുളിച്ചനിലയിലായിരുന്നു.

വീട്ടുകാർ വെള്ളംകൊടുത്തു. തിരികെ പോകുന്നതിനിടെ വീട് എവിടെയാണെന്നു ചോദിച്ചതാണ് വഴിത്തിരിവായത്. ഓച്ചിറയിലാണു വീടെന്നും കായംകുളത്തുനിന്നു വരുകയാണെന്നുമാണ് ആദ്യം പറഞ്ഞത്. സ്കൂളിലേക്കുള്ള യാത്രയിലാണെന്നും പറഞ്ഞു.

അതോടെ സംശയംതോന്നിയ വീട്ടുകാർ കുട്ടിയുമായി വിശദമായി സംസാരിച്ചു. ജനപ്രതിനിധികൾ വിവരമറിയിച്ചതിനെത്തുടർന്ന് ഹരിപ്പാട് പോലീസ് ഉടൻ സ്ഥലത്തെത്തുകയുംചെയ്തു.

പിന്നാലെ കായംകുളം, വള്ളികുന്നം സ്റ്റേഷനുകളിൽനിന്നു വനിതാ പോലീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും വന്നു. വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണയിൽ കുട്ടിയെ വീട്ടിലെത്തിച്ചു. പിന്നാലെ സൈക്കിളും എത്തിച്ചുകൊടുത്തു.