ഭോപ്പാൽ: മദ്യപിച്ചെത്തി അമ്മയെ ആക്രമിച്ച അച്ഛനെ മകൾ അടിച്ചുകൊന്നു. ഭോപ്പാലിൽ താമസിക്കുന്ന 16 വയസ്സുകാരിയാണ് വീട്ടിൽവെച്ച് അച്ഛനെ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം പെൺകുട്ടി തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
45-കാരനായ അച്ഛൻ സ്ഥിരം മദ്യപിച്ചെത്തി വീട്ടിൽ വഴക്കിടുന്നത് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാൾ ജോലിക്കും പോയിരുന്നില്ല. മൂത്തമകന്റെ വരുമാനം കൊണ്ടാണ് കുടുംബം ജീവിച്ചിരുന്നത്. ബുധനാഴ്ച വൈകീട്ടും ഇയാൾ വീട്ടിലെത്തി വഴക്കുണ്ടാക്കി. മകന്റെ വിവാഹകാര്യം ചർച്ച ചെയ്യുന്നതിനിടെയാണ് വഴക്കും അക്രമവും അരങ്ങേറിയത്. ഇതിനിടെയാണ് മകൾ അച്ഛനെ അടിച്ചു കൊന്നത്. തലയ്ക്കും മറ്റും മാരകമായി പരിക്കേറ്റ 46-കാരൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
പിതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ പെൺകുട്ടി തന്നെ പോലീസ് കൺട്രോൾ റൂം നമ്പറിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. താൻ അച്ഛനെ കൊലപ്പെടുത്തിയെന്നും അറസ്റ്റിനായി കാത്തിരിക്കുകയാണെന്നുമാണ് പെൺകുട്ടി പോലീസിനോട് പറഞ്ഞത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കേസെടുത്തതായും പെൺകുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.
Content Highlights:girl kills father after beating her mother in bhopal