ചേര്‍പ്പ്(തൃശ്ശൂര്‍) മാനസിക വെല്ലുവിളി നേരിടുന്ന മകളെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി. തുടര്‍ന്ന് സ്വയം തലയില്‍വെട്ടി പരിക്കേല്‍പ്പിച്ച അച്ഛനെ പോലീസും നാട്ടുകാരും ചേര്‍ന്ന് തൃശ്ശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയിലാക്കി. വെങ്ങിണിശ്ശേരി എം.എസ്. നഗറില്‍ താമസിക്കുന്ന ചേനം പണിക്കശ്ശേരി സുരേഷിന്റെ മകള്‍ ശ്രിദ്യ (24) ആണ് കൊല്ലപ്പെട്ടത്. വെങ്ങിണിശ്ശേരി സാന്ത്വനം ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. സുരേഷ് മീന്‍ കച്ചവടക്കാരനാണ്.

തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. ഭാര്യയും മാനസിക വെല്ലുവിളി നേരിടുന്ന ഇളയമകനും വീട്ടിലുണ്ടായിരുന്നു. മകളെക്കൂട്ടി മുറിക്കുള്ളില്‍ക്കയറി വാതിലടച്ചാണ് സുരേഷ് മീന്‍ വെട്ടുന്ന കത്തികൊണ്ട് വെട്ടിയതെന്ന് പോലീസ് പറഞ്ഞു. സംഭവമറിഞ്ഞ് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും അകത്തു കയറാനായില്ല. പോലീസെത്തി നാട്ടുകാരുടെ സഹായത്തോടെ ബലംപ്രയോഗിച്ച് വാതില്‍ തുറക്കുകയായിരുന്നു. രക്തത്തില്‍ കുളിച്ചുകിടന്ന ശ്രിദ്യയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും ശരീരം മരവിച്ച നിലയിലായിരുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സുരേഷിനെ പോലീസും നാട്ടുകാരും ബലം പ്രയോഗിച്ചാണ് ആശുപത്രിയില്‍ എത്തിച്ചത്.

മക്കളെ ബഡ്‌സ് സ്‌കൂളില്‍ കൊണ്ടുപോകാനുള്ള സൗകര്യത്തിനായി മൂന്നു മാസം മുമ്പാണ് സുരേഷും കുടുംബവും ഈ വാടകവീട്ടില്‍ താമസം തുടങ്ങിയത്. മീന്‍ കച്ചവടം കൂടാതെ സുരേഷ് സ്ഥലക്കച്ചവടവും നടത്തിയിരുന്നു.

സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. ആദിത്യയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. കോവിഡ് പ്രതിസന്ധി മൂലം കച്ചവടം കുറഞ്ഞതും സാമ്പത്തികബാധ്യതയും മക്കളുടെ അവസ്ഥയിലുള്ള നിരാശയും സുരേഷിനെ അലട്ടിയിരുന്നതായി പോലീസ് പറഞ്ഞു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. ആശുപത്രി വിടുന്ന മുറയ്ക്ക് സുരേഷിനെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു. സുനിതയാണ് ശ്രിദ്യയുടെ അമ്മ. സഹോദരന്‍: സുശീല്‍.

ഒമ്പത് മാസം മുമ്പ് ആത്മഹത്യാമുനമ്പില്‍, തുണയായെത്തിയത് നാട്ടുകാര്‍

ചേര്‍പ്പ്: രണ്ടുമക്കളും മാനസികവെല്ലുവിളി നേരിടുന്നവര്‍. എല്ലാ സമയത്തും സാമ്പത്തികക്ലേശം. എന്നിട്ടും കുടുംബത്തെ സുരേഷ് പൊന്നുപോലെ നോക്കി. മക്കളുടെ പേരില്‍ ആരുടെ മുന്നിലും കൈ നീട്ടിയില്ല. ജീവിതം അവസാനിപ്പിക്കാന്‍ ഒമ്പതുമാസം മുമ്പ് തീരുമാനിച്ചു. അതറിയാനിടയായ സുഹൃത്തിന്റെ നിര്‍ബന്ധത്താല്‍ മാത്രം സാമ്പത്തികസഹായത്തിനായി ഒരു ജനകീയ കമ്മിറ്റി ഉണ്ടാക്കി. അപ്പോള്‍ മാത്രമാണ് പലരും സുരേഷിന്റെ അവസ്ഥ അറിയുന്നത്.

സ്വന്തം നാടായ ചേനത്ത് കള്ളുഷാപ്പില്‍ കറിക്കച്ചവടമായിരുന്നു. പിന്നെ ചേര്‍പ്പ്, പാറളം പഞ്ചായത്തുകളില്‍പ്പെട്ട വിവിധ പ്രദേശങ്ങളില്‍ മീന്‍ കച്ചവടക്കാരനായും സ്ഥലക്കച്ചവടക്കാരനായും മാറി. മദ്യപിക്കുന്നതും ഭാര്യയുമായി വഴക്കിടുന്നതും പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. എങ്കിലും മക്കളെ നന്നായി നോക്കിയിരുന്നു. അവര്‍ക്ക് സ്‌കൂളില്‍ പോകാനുള്ള സൗകര്യം കണക്കാക്കിയാണ് ബഡ്‌സ് സ്‌കൂളിന് തൊട്ടടുത്തുതന്നെ വാടകവീട് എടുത്തത്.

ശാന്തസ്വഭാവമുള്ള മകന്‍ തനിയെ നടന്ന് സ്‌കൂളില്‍ പോകും. മകളെ സുരേഷ് ബൈക്കില്‍ കൊണ്ടുവിടും. എവിടെ പോകുമ്പോഴും മകനെ കൂടെ കൂട്ടും. തിങ്കളാഴ്ച രാവിലെ സ്‌കൂളില്‍ പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് മകളെ മുറിക്കുള്ളില്‍ വിളിച്ചു കൊണ്ടുപോയി കൊലപ്പെടുത്തുന്നത്. മാനസികവിഭ്രാന്തി പ്രകടിപ്പിച്ച സുരേഷിനെ പോലീസും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് ആശുപത്രിയിലേക്ക് മാറ്റിയത്.