മുംബൈ: ബാന്ദ്ര ബാൻഡ്സ്റ്റാൻഡിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ. പെൺകുട്ടിയുടെ സുഹൃത്തുക്കളായ മൂന്ന് യുവാക്കളെയാണ് മുംബൈ പോലീസ് ഞായറാഴ്ച പിടികൂടിയത്.

ചൊവ്വാഴ്ച രാത്രിയാണ് 19-കാരി ബാന്ദ്രയിലെ ബാൻഡ്സ്റ്റാൻഡിൽ കൂട്ടബലാത്സംഗത്തിനിരയായത്. പെൺകുട്ടിയും സുഹൃത്തുക്കളായ മൂന്ന് പേരും രണ്ട് ബൈക്കുകളിലായാണ് ഇവിടേക്ക് എത്തിയത്. തുടർന്ന് സുഹൃത്തുക്കളായ മൂന്ന് പേർ പെൺകുട്ടിയെ കടലിന് സമീപത്തെ പാറക്കെട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. സംഭവത്തിന് ശേഷം മൂവരും പെൺകുട്ടിയെ വീട്ടിൽ കൊണ്ടുവിടുകയും ചെയ്തു.

ബലാത്സംഗത്തിനിരയായ വിവരം പെൺകുട്ടി ആദ്യം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. എന്നാൽ അല്പസമയത്തിന് ശേഷം വയറുവേദന അനുഭവപ്പെട്ടതോടെ സഹോദരി കാര്യം തിരക്കി. ഇതോടെയാണ് ബലാത്സംഗത്തിനിരയായ വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് പെൺകുട്ടിയുടെ കുടുംബം മുംബൈ ശിവജിനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ ബുധനാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Content Highlights:girl gang raped in mumbai bandra three arrested