ഹൈദരാബാദ്:  കൈകാലുകള്‍ കെട്ടിയിട്ടനിലയില്‍ പെണ്‍കുട്ടിയെ ഉദ്യാനത്തില്‍ കണ്ടെത്തി. ആന്ധ്രപ്രദേശിലെ വിജയനഗരത്തിലെ ഗുര്‍ലയിലാണ് തിങ്കളാഴ്ച രാവിലെ അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് സംഘം പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. 

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൈകാലുകള്‍ കെട്ടി ഞായറാഴ്ച രാത്രിയാണ് ഉദ്യാനത്തില്‍  ഉപേക്ഷിച്ചതെന്നാണ് പോലീസിന്റെ നിഗമനം. പോലീസ് സ്‌റ്റേഷന് സമീപത്തുള്ള ഉദ്യാനത്തിലാണ് പെണ്‍കുട്ടിയെ ഉപേക്ഷിച്ചതെങ്കിലും നേരം പുലരുന്നത് വരെ ആരും ഒന്നുമറിഞ്ഞിരുന്നില്ല. തിങ്കളാഴ്ച രാവിലെ നാട്ടുകാരാണ് പെണ്‍കുട്ടിയെ ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. 

പെണ്‍കുട്ടി തെര്‍ലാം സ്വദേശിയാണെന്നും വിജയനഗരം ജില്ലയിലെ ഡിഗ്രി കോളേജില്‍ വിദ്യാര്‍ഥിനിയാണെന്നും പിന്നീട് തിരിച്ചറിഞ്ഞു. തുടര്‍ന്ന് പോലീസ് വീട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു. അതേസമയം, ആരാണ് പെണ്‍കുട്ടിയെ ഇവിടെ ഉപേക്ഷിച്ചതെന്നോ എന്താണ് സംഭവിച്ചതെന്നോ ഇതുവരെ വ്യക്തമല്ല. 

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ ഇതുവരെ മൊഴിയെടുക്കാനായിട്ടില്ല. പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടാല്‍ മൊഴിയെടുക്കുമെന്നും അതോടെ സംഭവത്തില്‍ വ്യക്തത വരുമെന്നുമാണ് പോലീസ് പറയുന്നത്. 

Content Highlights: girl found tied and unconscious in a garden in andhra pradesh