ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ വികൃതമായ നിലയില്‍ ആറ് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ്. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്നും ആഭിചാരത്തിനായി ശരീരം കുത്തിക്കീറി ശ്വാസകോശം ഉള്‍പ്പെടെയുള്ള ആന്തരികാവയങ്ങള്‍ പ്രതികള്‍ പുറത്തെടുത്തെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗദ്ദംപുര്‍ സ്വദേശികളായ അങ്കുല്‍ കുരില്‍(20) ബീരന്‍(31) പരുശുറാം, ഇയാളുടെ ഭാര്യ എന്നിവരെയാണ് പോലീസ് പിടികൂടിയത്. അങ്കുലും ബീരാനും ചേര്‍ന്നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ഇതിനുശേഷം ഇരുവരും ചേര്‍ന്ന് ശരീരം കുത്തിക്കീറി ശ്വാസകോശം ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ പുറത്തെടുക്കുകയായിരുന്നു. ഇത് പിന്നീട് ആഭിചാരക്രിയകള്‍ക്കായി പരശുറാമിന് കൈമാറി.
പരശുറാമിനും ഭാര്യയ്ക്കും വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും കുട്ടികളുണ്ടായിരുന്നില്ല. ഒരു പെണ്‍കുട്ടിയുടെ ശ്വാസകോശം ഉപയോഗിച്ച് ആഭിചാരം നടത്തിയാല്‍ ഭാര്യ ഗര്‍ഭം ധരിക്കുമെന്നും കുഞ്ഞിന് ജന്മം നല്‍കുമെന്നുമായിരുന്നു ഇയാളുടെ വിശ്വാസം. ഇക്കാര്യം ബന്ധുവായ അങ്കുലിനെയും ബീരാനെയും അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ ആന്തരികാവയവങ്ങള്‍ ഉപയോഗിച്ച് ആഭിചാരം നടത്താന്‍ തീരുമാനിച്ചത്.
ശനിയാഴ്ച വൈകിട്ട് അമിതമായി മദ്യപിച്ചതിന് പിന്നാലെയാണ് അങ്കുലും ബീരാനും പെണ്‍കുട്ടിയെ തേടിയിറങ്ങിയത്. കടയിലേക്ക് പോയ പെണ്‍കുട്ടിയെ ഇരുവരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് വനത്തിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ ശരീരം കുത്തിക്കീറിയ പ്രതികള്‍ ശ്വാസകോശം ഉള്‍പ്പെടെയുള്ള ആന്തരികാവയങ്ങള്‍ പുറത്തെടുത്ത് മൃതദേഹം വനത്തില്‍ തന്നെ ഉപേക്ഷിച്ചു.
കേസില്‍ പ്രതികളായ അങ്കുലിനെയും ബീരാനെയും ഞായറാഴ്ച തന്നെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഇവര്‍ നല്‍കിയ വിവരമനുസരിച്ചാണ് പരശുറാമിനെ പിടികൂടിയത്. തുടക്കത്തില്‍ ഇയാള്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് കുറ്റംസമ്മതിക്കുകയായിരുന്നു. 1999-ല്‍ വിവാഹം കഴിഞ്ഞ തനിക്ക് കുഞ്ഞുണ്ടാകാത്തതിനാലാണ് ഇത്തരമൊരു കൃത്യത്തിന് മുതിര്‍ന്നതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയെ കൊലപ്പെടുത്തി ആഭിചാരം നടത്തുന്നതിനെക്കുറിച്ച് ഇയാളുടെ ഭാര്യയ്ക്കും അറിവുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് പരശുറാമിന്റെ ഭാര്യയെയും കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞദിവസം തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ഫാസ്റ്റ്ട്രാക്ക് കോടതിയിലാകും കേസിന്റെ വിചാരണ നടക്കുകയെന്നും അതിനാല്‍ എത്രയുംവേഗം പ്രതികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: girl found dead in kanpur police says she was gang raped and lungs taken out