വെള്ളറട(തിരുവനന്തപുരം): പ്രായപൂര്‍ത്തിയാകാത്ത മകളെ സ്വന്തം കാമുകനെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അമ്മയും ഒളിവില്‍ താമസിപ്പിച്ച് പീഡിപ്പിച്ചെന്ന കേസില്‍ പെണ്‍കുട്ടിയുടെ കാമുകനും അറസ്റ്റിലായി. തമിഴ്നാട് അതിര്‍ത്തിയില്‍ താമസിക്കുന്ന വീട്ടമ്മ, മകളുടെ കാമുകന്‍ ഉണ്ടന്‍കോട് സ്വദേശി അനൂപ് (24) എന്നിവരെയാണ് വെള്ളറട പോലീസ് അറസ്റ്റ് ചെയ്തത്.

ഭര്‍ത്താവ് ഉപേക്ഷിച്ച മുപ്പത്തേഴുകാരിയായ വീട്ടമയ്ക്ക് രണ്ടു പെണ്‍കുട്ടികളാണുള്ളത്. മാസങ്ങള്‍ക്ക് മുമ്പ് വീട്ടമ്മ യുവാവുമായി പ്രണയത്തിലായി. തുടര്‍ന്ന് ഇയാള്‍ വീട്ടിലെ നിത്യസന്ദര്‍ശകനായി മാറി. പിന്നീട് ഇയാളുമായി വിവാഹത്തിന് സമ്മതിക്കണമെന്ന് പ്രായപൂര്‍ത്തിയാകാത്ത മൂത്തമകളോട് അമ്മ നിരന്തരമായി ആവശ്യപ്പെട്ടു. 

സമ്മര്‍ദം ശക്തമായപ്പോള്‍ മകള്‍ അവളുടെ കാമുകനായ അനൂപിനോട് സംഭവത്തെ കുറിച്ച് പറഞ്ഞു. തുടര്‍ന്ന് ഇരുവരും ഒളിച്ചോടി അനൂപിന്റെ സുഹൃത്തിന്റെ വീട്ടില്‍ താമസിച്ചു. മകളെ കാണാതായതിനെ തുടര്‍ന്ന് അമ്മ വെള്ളറട പോലീസില്‍ പരാതി നല്‍കി. മകളെയും കാമുകനെയും കണ്ടെത്തി ചോദ്യംചെയ്തപ്പോഴാണ് സംഭവത്തെക്കുറിച്ചുള്ള പൂര്‍ണ വിവരം പോലീസിന് ബോധ്യമായത്. 

തുടര്‍ന്ന് പരാതിക്കാരിയായ അമ്മയുടെയും പെണ്‍കുട്ടിയുടെ കാമുകനായ അനൂപിന്റെയും പേരില്‍ കേസെടുത്ത് കോടതിയില്‍ ഹാജരാക്കി. വെള്ളറട സി.ഐ. അജിത് കുമാര്‍, എസ്.ഐ. സതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.