തിരുമിറ്റക്കോട്(പാലക്കാട്): പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പോലീസ് ഇടപെടൽ വൈകി എന്ന് ആരോപിച്ച് കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകി.

പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി, മയക്കുമരുന്നിന് അടിമയാക്കിയ ശേഷം യുവാവ് പീഡിപ്പിച്ചെന്നാണ് ആരോപണം. പെൺകുട്ടിയുടെ സുഹൃത്തായ തൃത്താല മേഴത്തൂർ സ്വദേശിയായ 25-കാരൻ കുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോവുകയും പലയിടങ്ങളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്.

ഏപ്രിൽ 30-ന് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ചാലിശ്ശേരി പോലീസിൽ പരാതി നൽകി. ജൂൺ 20-ന് പെൺകുട്ടിയും സുഹൃത്തായ യുവാവും പോലീസ് സ്റ്റേഷനിൽ ഹാജരായി. യുവാവിനോടൊപ്പം പോകാനാണ് താൽപ്പര്യമെന്നറിയിച്ചതിനെ തുടർന്ന് പെൺകുട്ടി ഇയാൾക്കൊപ്പം പോവുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട തിരിച്ചറിയൽ കാർഡ് പരിശോധനയിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് തെളിയുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.

വീട് വിട്ടിറങ്ങുമ്പോൾ പെൺകുട്ടി ഫോൺ വീട്ടിൽവെച്ചിരുന്നു. ഫോണിൽ അമ്മ നടത്തിയ പരിശോധനയിലാണ് പ്രായപൂർത്തിയാവും മുമ്പ് പെൺകുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നും യുവാവ് മയക്കുമരുന്ന് നൽകിയിരുന്നതായും മനസ്സിലായത്. ഇക്കാര്യം കാണിച്ച് ചാലിശ്ശേരി പോലീസിന് പരാതി നൽകിയിട്ടുണ്ടെന്നാണ് അമ്മ അവകാശപ്പെടുന്നത്. എന്നാൽ ഇക്കാര്യം പോലീസ് നിഷേധിക്കുകയാണ്. തുടർന്നാണ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കുട്ടിയുടെ അമ്മ പരാതി നൽകിയത്.

പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് യുവാവ് ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു. പീഡനത്തെയും ഭീഷണിയെയും തുടർന്ന് മാനസികനില തെറ്റിയ പെൺകുട്ടി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായും കുട്ടിയുടെ അമ്മ പറഞ്ഞു.

അതേസമയം, മുൻപ് യുവാവ് കുട്ടിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ അമ്മയുടെ നിലവിലുളള പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പരാതിയിൽ ആരോപിക്കുന്ന കാര്യങ്ങളുടെ വസ്തുതകളെകുറിച്ചും അന്വേഷണം നടത്തുമെന്നും ചാലിശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.സി വിനു പറഞ്ഞു. കേസ് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പെൺകുട്ടിയുടെ മൊഴിയെടുക്കും.

Content Highlights:girl drugged and raped in thirumittacode trithala palakkad mother filed complaint