കൊച്ചി: എറണാകുളത്ത് ആശുപത്രിയിലെ ശൗചാലയത്തില്‍ പതിനേഴുകാരി മാസം തികയാതെ പ്രസവിക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. മാനന്തവാടി പള്ളിക്കുന്ന് സ്വദേശി ജോബിന്‍ ജോണാണ് (20) അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കടവന്ത്രയിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി പ്രതി പല തവണ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് മൊഴി.

പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ജോബിന്‍ എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്നു. ഈ സമയത്താണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

ബുധനാഴ്ച രാവിലെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ശൗചാലയത്തില്‍ മാസം തികയാതെ ജനിച്ച ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. പോലീസ് സി.സി.ടി.വി. കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രസവിച്ച ശേഷം ശിശുവിനെ ഉപേക്ഷിച്ച 17-കാരിയെ കണ്ടെത്തിയത്. തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൂടാതെ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പോക്‌സോ വകുപ്പ് ചേര്‍ത്തും കേസെടുത്തു. ശിശുവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വെള്ളിയാഴ്ച ലഭിക്കും.