മുതലമട: ചെമ്മണാമ്പതിയില്‍ വിഷം ഉള്ളില്‍ച്ചെന്ന സഹോദരിമാരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. ചേച്ചി ഗുരുതരാവസ്ഥയില്‍.

ചെമ്മണാമ്പതി മൊണ്ടിപ്പതിക്കാട്ടില്‍ നാഗമാണിക്യത്തിന്റെയും ഉമാമഹേശ്വരിയുടെയും മകള്‍ കലൈയരശിയാണ് (15) മരിച്ചത്. സഹോദരി പ്ലസ് വണ്‍ വിദ്യാര്‍ഥിനി മോനിഷ (16) കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലാണ്. ഇരുവരും ഗോവിന്ദാപുരം കന്തസ്വാമി മെട്രിക്കുലേഷന്‍ സ്‌കൂളിലാണ് പഠിക്കുന്നത്.

ശനിയാഴ്ച രാവിലെ എട്ടോടെ ഛര്‍ദിക്കുന്നതിനിടെയുള്ള മോനിഷയുടെ നിലവിളി കേട്ട് ബന്ധുക്കള്‍ അടുത്തെത്തി. തെങ്ങിന് ഉപയോഗിക്കുന്ന കീടനാശിനി ഇരുവരുടെയും അകത്ത് ചെന്നതായി മനസ്സിലാക്കിയ ബന്ധുക്കളും അയല്‍ക്കാരും അമ്പ്രാംപാളയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് പോകാനിരിക്കെ കലൈയരശി മരിച്ചു.

ബന്ധുവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ പുലര്‍ച്ചെ കോയമ്പത്തൂരിലേക്ക് പോയിരുന്നു. അതിനാല്‍ സഹോദരിമാര്‍ പശുവിനെ പരിപാലിക്കേണ്ടതിന് സ്‌കൂളില്‍ പോയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കലൈയരശിയുടെ മൃതദേഹപരിശോധന പൊള്ളാച്ചി താലൂക്ക് ആശുപത്രിയില്‍ നടത്തി. നാഗമാണിക്യത്തിന് തന്റെ സഹോദരിമാരുമായി സ്വത്തുതര്‍ക്കമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതിലുള്ള മനോവിഷമംമൂലം കുട്ടികള്‍ വിഷം കഴിച്ചതാകാമെന്നാണ് പ്രാഥമികനിഗമനമെന്ന് കൊല്ലങ്കോട് പോലീസ് പറഞ്ഞു