കോയമ്പത്തൂർ: നീറ്റ് പരീക്ഷയ്ക്ക് ശക്തമായ എതിർപ്പ് നേരിടുന്ന തമിഴ്നാട്ടിൽനിന്ന് വീണ്ടും ഒരു മരണം കൂടി. കോയമ്പത്തൂർ ആർ.എസ്. പുരം വെങ്കിടസ്വാമി റോഡിൽ രവിചന്ദ്രന്റെ മകൾ ശുഭശ്രീയെയാണ് (19) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സെപ്റ്റംബർ 13ന് പരീക്ഷ നടത്തണമെന്ന സുപ്രീംകോടതി വിധി വന്നതിന് തൊട്ടടുത്ത ദിവസമായ ചൊവ്വാഴ്ച ഉച്ചയോടെയാണ് വീട്ടിൽ തൂങ്ങിമരിച്ചത്. ബുധനാഴ്ച പോലീസ് ക്രൈം റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് നീറ്റ് പരീക്ഷാഭയത്തിൽ കുട്ടി മരിച്ച വിവരം പുറത്തറിഞ്ഞത്.

സി.ബി.എസ്.ഇ. സിലബസിൽ നല്ല മാർക്കോടെ പ്ലസ് ടു പാസായ ശുഭശ്രീ ഇത്തവണ അതിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനമെന്ന പ്രതീക്ഷയിലായിരുന്നു. രണ്ടുതവണ നീറ്റ് പരീക്ഷയെഴുതുകയും അവസാനം എഴുതിയ പരീക്ഷയിൽ 451 മാർക്ക് നേടി ബി.ഡി.എസ്. സെലക്ഷൻ നേടുകയും ചെയ്തിരുന്നു. ജനറൽ സർജനാകണമെന്നുള്ള മോഹം ഉപേക്ഷിക്കാതെ വീണ്ടും കോയമ്പത്തൂരിലെ പരിശീലനകേന്ദ്രത്തിൽ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ചെയ്തതാണ്.

കോവിഡ് കാരണം പലതവണ നീറ്റ് പരീക്ഷ വെക്കുകയും ഉപേക്ഷിക്കുന്ന സ്ഥിതിയുണ്ടാവുകയും ചെയ്തതോടെ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുട്ടി. തിങ്കളാഴ്ച കോടതിവിധി വന്നതുമുതൽ ശുഭശ്രീ വീട്ടുകാരോട് സംസാരിക്കാതെ ഉൾവലിഞ്ഞിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിക്കും രണ്ടുമണിക്കും ഇടയിലാണ് കുട്ടി വീട്ടുകാരുടെ ശ്രദ്ധ തെറ്റിയ സമയത്ത് ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടാകുകയെന്ന് ആർ.എസ്. പുരം പോലീസ് റിപ്പോർട്ടിൽ പറയുന്നു.

വീട്ടുകാരുടെ പരാതിയിൽ പോലീസ് കേസെടുത്തു. കോയമ്പത്തൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)