ബെംഗളൂരു: സാമൂഹിക മാധ്യമങ്ങളിലൂടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് മുൻ കാമുകൻ ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് 21-കാരി ആത്മഹത്യ ചെയ്ത നിലയിൽ. തിമ്മയ്യ ഗാർഡൻ സ്വദേശിനിയെയാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പെൺകുട്ടിയുടെ മുൻ കാമുകനായ വിവേക് ഗൗഡ (24) യെ പോലീസ് അറസ്റ്റ് ചെയ്തു.

മൂന്നു മാസത്തോളമായി പെൺകുട്ടിയും വിവേക് ഗൗഡയും തമ്മിൽ അകൽച്ചയിലായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ കൈവശമുണ്ടെന്നും ഇവ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും വിവേക്ഗൗഡ ഭീഷണിപ്പെടുത്തി. ചിത്രങ്ങൾ പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ പണം നൽകണമെന്നും വിവേക് ഗൗഡ ആവശ്യപ്പെട്ടു. പണം സംഘടിപ്പിക്കാൻ പെൺകുട്ടി കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ വിവേക്ഗൗഡ വീണ്ടും ഇതേ ആവശ്യമുന്നയിച്ച് ഭീഷണിപ്പെടുത്തിയതോടെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.

പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതോടെയാണ് വിവേക് ഗൗഡ നിരന്തരമായി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽ പ്പെട്ടത്. ഇൻസ്റ്റഗ്രാമിൽ നിരന്തരം ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി വീട്ടുകാർ കണ്ടെത്തി. തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ടോടെ ആർ.ടി. നഗറിലെ വീട്ടിലെത്തിയാണ് വിവേക് ഗൗഡയെ അറസ്റ്റ് ചെയ്തത്. കംപ്യൂട്ടർ, മൊബൈൽ ഫോൺ തുടങ്ങിയവയും പോലീസ് പിടിച്ചെടുത്തു.

Content Highlights: girl commits suicide in bengaluru