ബെംഗളൂരു: ഫെയ്സ്ബുക്കിലെ പെൺസുഹൃത്തുക്കൾ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് എൻജിനീയിറിങ്‌ വിദ്യാർഥി ആത്മഹത്യ ചെയ്തു. ബെംഗളൂരു മാറത്തഹള്ളിയിലെ താമസ സ്ഥലത്താണ് കലബുർഗി സ്വദേശിയായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാഴ്ചയോളമായി യുവാവിന്റെ പെൺസുഹൃത്തുക്കൾ യുവാവുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങളും ചിത്രങ്ങളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

രണ്ടു പെൺസുഹൃത്തുക്കളുമായി വിദ്യാർഥി മണിക്കൂറുകളോളം ഫേസ്ബുക്കിൽ ചാറ്റ് ചെയ്യാറുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഒരാഴ്ചമുമ്പ് ഇവർ ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെ വിദ്യാർഥി കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. ഇതുസംബന്ധിച്ച് യുവാവ് വീട്ടുകാർക്കും സൂചന നൽകിയിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് കോളേജിൽ നിന്ന് തിരിച്ചെത്തിയ ശേഷം യുവാവ് മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു.

മുറിയിൽ പരിശോധന നടത്തിയ പോലീസ് യുവാവിന്റെ ലാപ്‌ടോപ്പും മൊബൈൽ ഫോണും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മാറത്തഹള്ളി പോലീസ് അറിയിച്ചു.

Content Highlights: girl commit suicide on friends threatening on Facebook