ലഖ്നൗ: ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ 16 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 35 പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. മറ്റ് പത്തുപേരെ ചോദ്യംചെയ്തുവരികയാണ്. കേസില്‍ 12 സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്. 

ബരേലി എ.ഡി.ജി. അവിനാശ് ചന്ദ്ര, ബരേലി റെയ്ഞ്ച് ഐ.ജി. രമിത് ശര്‍മ, പിലിഭിത്ത്, ഷാജഹാന്‍പുര്‍, ബരേലി എന്നിവിടങ്ങളിലെ ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍ എന്നിവരാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നും എ.ഡി.ജി. അവിനാശ് ചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. 

കഴിഞ്ഞ ശനിയാഴ്ചയാണ് ബര്‍ഖേര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 16 വയസ്സുകാരിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. രാവിലെ സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടി വൈകിട്ട് അഞ്ച് മണി കഴിഞ്ഞിട്ടും തിരികെ എത്തിയിരുന്നില്ല. തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടെ രാത്രി 11 മണിയോടെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധനഗ്നമായ നിലയില്‍ കണ്ടെത്തിയത്. വീടിന് 500 മീറ്റര്‍ അകലെയായാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം സ്‌കൂള്‍ ബാഗും കുട്ടിയുടെ സൈക്കിളും ഉണ്ടായിരുന്നു. ബിയര്‍ കുപ്പികളും ഇവിടെനിന്ന് കണ്ടെടുത്തു. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ പരാതി. 

അതിനിടെ, സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം വേണമെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം. കുടുംബത്തിന് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. സംഭവത്തില്‍ ബി.ജെ.പി. സര്‍ക്കാരാണ് കുറ്റക്കാരെന്നും പോലീസിന്റെ അലംഭാവം കാരണമാണ് ഇത് സംഭവിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് സഫര്‍ അലി നഖ്‌വി കുറ്റപ്പെടുത്തി. പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നും കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമാജ് വാദി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മെഴുകുതിരി തെളിയിച്ച് പ്രകടനവും സംഘടിപ്പിച്ചു. 

Content Highlights: girl allegedly gang raped and murdered in uttar pradesh 35 detained by police