ഗാസിയബാദ്: ഒമ്പതാം നിലയിലെ ഫ്ളാറ്റിൽനിന്ന് വീണ് യുവതിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്. വീഡിയോയിലുള്ളവരെ തിരിച്ചറിഞ്ഞതായും എന്താണ് സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ചൊവ്വാഴ്ചയാണ് ഗാസിയബാദ് ക്രോസിങ്സ് റിപ്പബ്ലിക്കിലെ ഫ്ളാറ്റിൽനിന്ന് വീണ് 30 വയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റത്. ഒമ്പതാം നിലയിലെ ഫ്ളാറ്റിന്റെ ബാൽക്കണിയിൽനിന്നാണ് യുവതി വീണത്. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

അല്പനേരം യുവതി ബാൽക്കണിയിൽ ഭർത്താവിന്റെ കൈയിൽ പിടിച്ചുതൂങ്ങി നിൽക്കുന്നതും പിന്നീട് പിടിവിട്ട് താഴേക്ക് വീഴുന്നതുമാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്.

വീഡിയോ പ്രചരിച്ചതോടെയാണ് പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്. വീഡിയോയിലുള്ള ദമ്പതിമാർ കഴിഞ്ഞ രണ്ടു വർഷമായി ക്രോസിങ്സ് റിപ്പബ്ലിക്കിലെ സാവിയർ ഗ്രീൻഐസിൽ അപ്പാർട്ട്മെന്റിൽ താമസിച്ചുവരികയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അപകടത്തിന് മുമ്പ് ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നതായി അപ്പാർട്ട്മെന്റിലെ മറ്റു താമസക്കാർ മൊഴി നൽകിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് അപകടം നടന്നതെന്നും എന്നാൽ വഴക്കിന് കാരണം എന്താണെന്നോ എങ്ങനെയാണ് യുവതി വീണതെന്നോ ഇതുവരെ വ്യക്തമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുവതി താഴേക്ക് വീണതിന് പിന്നാലെ ഭർത്താവ് ഒമ്പതാം നിലയിൽനിന്ന് ഓടിയെത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഭർത്താവ് തന്നെയാണ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം.

സംഭവത്തെക്കുറിച്ച് ഭർത്താവോ സമീപവാസികളോ ഹൗസിങ് സൊസൈറ്റിയിലെ സുരക്ഷാ ഏജൻസിയോ പോലീസിൽ വിവരമറിയിച്ചിരുന്നില്ല. പോലീസെത്തി അന്വേഷണം നടത്തിയപ്പോഴാണ് ഇവർ കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായാൽ പോലീസിൽ വിവരമറിയിക്കണമെന്ന് താമസക്കാർക്കും സുരക്ഷാ ഏജൻസിക്കും കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് വിജയ്നഗർ എസ്.എച്ച്.ഒ. മഹാവീർ സിങ് പറഞ്ഞു. യുവതിയുടെ ഭർത്താവിനെ പോലീസ് ബന്ധപ്പെട്ടിരുന്നു. നിലവിൽ അദ്ദേഹം ഭാര്യ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലാണുള്ളത്. വൈകാതെ പോലീസ് സംഘം അദ്ദേഹത്തെ ചോദ്യംചെയ്യുമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും എസ്.എച്ച്.ഒ. അറിയിച്ചു.

Content Highlights:ghaziabad woman fell from ninth floor flat