ഗാസിയാബാദ്: സ്വകാര്യചിത്രങ്ങളും കുടുംബത്തിലെ സ്വകാര്യവിവരങ്ങളും പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടത് 10 കോടി രൂപ. ഗാസിയബാദ് വസുന്ധര കോളനി സ്വദേശി രാജീവ്കുമാറിനെയാണ് ഹാക്കര്‍മാരെന്ന് അവകാശപ്പെടുന്ന സംഘം ഇ-മെയിലിലൂടെയും മറ്റും ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇ-മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് രാജീവ്കുമാര്‍ പോലീസിനെ സമീപിച്ചത്. 10 കോടി രൂപ നല്‍കിയില്ലെങ്കില്‍ സ്വകാര്യ ചിത്രങ്ങളും കുടുംബത്തിന്റെ സ്വകാര്യവിവരങ്ങളും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഹാക്കര്‍മാരുടെ ഭീഷണി. ഇതോടെ രാജീവ്കുമാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഹാക്കര്‍മാര്‍ തന്നെയും തന്റെ കുടുംബത്തെയും നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നാണ് രാജീവ്കുമാര്‍ പരാതിയില്‍ ആരോപിക്കുന്നത്. കുടുംബത്തില്‍ നടക്കുന്ന ഓരോ കാര്യങ്ങളും ഹാക്കര്‍മാര്‍ അറിയുന്നുണ്ടെന്നും നിരന്തരം ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായും വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു.
Content Highlights: ghaziabad man filed complaint he says hackers demand 10 crore rupees