ന്യൂഡല്‍ഹി:  വഴക്ക് പറഞ്ഞതിനും ക്ലാസില്‍നിന്ന് പുറത്താക്കിയതിനും പ്ലസ്ടു വിദ്യാര്‍ഥി അധ്യാപകന് നേരേ വെടിയുതിര്‍ത്തു. ഗാസിയബാദിലെ സ്വകാര്യ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് സ്‌കൂളിലെ കൊമേഴ്‌സ് അധ്യാപകനായ സച്ചിന്‍ ത്യാഗിക്ക് നേരേ വെടിയുതിര്‍ത്തത്. അധ്യാപകന്റെ പരാതിയില്‍ കേസെടുത്തതായും അധ്യാപകന് പരിക്കേറ്റിട്ടില്ലെന്നും പോലീസ് പറഞ്ഞു. 

ശനിയാഴ്ച ഉച്ചയോടെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് പ്ലസ്ടു വിദ്യാര്‍ഥി അധ്യാപകന് നേരേ വെടിയുതിര്‍ത്തത്. അന്നേദിവസം ക്ലാസില്‍ മറ്റുള്ളവരോട് മോശമായി പെരുമാറിയതിന് വിദ്യാര്‍ഥിയെ അധ്യാപകന്‍ വഴക്കുപറഞ്ഞിരുന്നു. പിന്നാലെ ക്ലാസില്‍നിന്ന് പുറത്താക്കുകയും ചെയ്തു. തുടര്‍ന്ന് ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞ് അധ്യാപകന്‍ ബൈക്കില്‍ സ്‌കൂളില്‍നിന്ന് മടങ്ങുന്നതിനിടെയാണ് വിദ്യാര്‍ഥി വെടിയുതിര്‍ത്തത്. 

സ്‌കൂട്ടറിലെത്തിയ വിദ്യാര്‍ഥിയും രണ്ട് സുഹൃത്തുക്കളും ആദ്യം അധ്യാപകന്റെ ബൈക്ക് തടഞ്ഞുനിര്‍ത്തി. പിന്നാലെ കൈയിലുണ്ടായിരുന്ന തോക്കില്‍നിന്ന് അധ്യാപകന് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെച്ചയുടന്‍ തന്നെ മൂവര്‍ സംഘം ഓടിരക്ഷപ്പെടുകയും ചെയ്തു. 

സംഭവത്തിന് ശേഷം അധ്യാപകന്‍ തന്നെയാണ് ബൈക്കോടിച്ച് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്. വെടിയേറ്റ് തന്റെ കൈയില്‍ പരിക്കേറ്റെന്നും അധ്യാപകന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അധ്യാപകന് വെടിയേറ്റിട്ടില്ലെന്നും അദ്ദേഹത്തിന്റെ വസ്ത്രത്തില്‍പോലും വെടിയുണ്ട തറച്ചിട്ടില്ലെന്നും പോലീസ് കണ്ടെത്തി. അധ്യാപകന്‍ കൈയില്‍ സ്വയം മുറിവുണ്ടാക്കിയതാകുമെന്നും പോലീസ് പറഞ്ഞു. അതേസമയം, സംഭവത്തില്‍ വിദ്യാര്‍ഥിക്കും സുഹൃത്തുക്കള്‍ക്കും എതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ ഉപേക്ഷിച്ച സ്‌കൂട്ടറും പോലീസ് പിടിച്ചെടുത്തു. 

Content Highlights: ghaziabad class 12 student fires at teacher