ബെര്‍ലിന്‍: നവജാതശിശുക്കളെ മോര്‍ഫിന്‍ നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നഴ്‌സിനെ അറസ്റ്റ് ചെയ്തു. ജര്‍മനിയിലെ ഉയിം സര്‍വകലാശാല ആശുപത്രിയിലെ നഴ്‌സാണ് അതിക്രൂരമായ കുറ്റകൃത്യത്തിന് പിടിയിലായത്. 2019 ഡിസംബര്‍ 20-നായിരുന്നു കേസിനാസ്പദമായ സംഭവം. 

ആശുപത്രിയിലുണ്ടായിരുന്ന അഞ്ച് നവജാതശിശുക്കളെയാണ് നഴ്‌സ് മോര്‍ഫിന്‍ നല്‍കി ഒരേസമയം കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഒരുദിവസം പ്രായമായ കുഞ്ഞ് മുതല്‍ ഒരുമാസം പ്രായമുള്ള കുഞ്ഞ് വരെ ഇതിലുണ്ടായിരുന്നു. സിറിഞ്ചില്‍ മുലപ്പാലിനൊപ്പമാണ് മോര്‍ഫിന്‍ കലര്‍ത്തി നല്‍കിയത്. എന്നാല്‍ അഞ്ച് കുഞ്ഞുങ്ങള്‍ക്കും ശ്വാസതടസം അനുഭവപ്പെടുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് നഴ്‌സുമാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍തന്നെ അടിയന്തര ചികിത്സ നല്‍കിയതിനാല്‍ അഞ്ച് കുഞ്ഞുങ്ങളുടെയും ജീവന്‍ രക്ഷിക്കാനായി. 

കുഞ്ഞുങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഇന്‍ഫക്ഷന്‍ ബാധിച്ചെന്നായിരുന്നു ഡോക്ടര്‍മാരുടെ ആദ്യനിഗമനം. എന്നാല്‍ മൂത്രം പരിശോധിച്ചതോടെയാണ് മോര്‍ഫിന്റെ സാന്നിധ്യം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയും വിശദമായ അന്വേഷണം നടത്തുകയുമായിരുന്നു. 

അറസ്റ്റിലായ നഴ്‌സിന്റെ ലോക്കറില്‍നിന്ന് മോര്‍ഫിന്‍ കലര്‍ത്തിയ മുലപ്പാലും സിറിഞ്ചും കണ്ടെടുത്തായാണ് പോലീസ് പറയുന്നത്. അതേസമയം, താന്‍ കുഞ്ഞുങ്ങള്‍ക്ക് മോര്‍ഫിന്‍ നല്‍കിയിട്ടില്ലെന്നായിരുന്നു നഴ്‌സിന്റെ പ്രതികരണം. 

Content Highlights: german nurse poisoning morphine and tried to kill five babies in hospital