ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊല്ലപ്പെട്ട ആഫ്രിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ ബന്ധുവായ നാലുവയസ്സുകാരിക്ക് വെടിയേറ്റ് ഗുരുതര പരിക്ക്. ജോര്‍ജ് ഫ്‌ളോയിഡിന്റെ സഹോദരിയുടെ പേരക്കുട്ടിയായ അരിയാന ഡെലാനെയ്ക്കാണ് വീട്ടില്‍ കിടന്നുറങ്ങുന്നതിനിടെ വെടിയേറ്റത്. പുതുവത്സരദിനത്തില്‍ ടെക്‌സാസിലെ സൗത്ത് ഹൂസ്റ്റണിലായിരുന്നു സംഭവം. 

അപ്പാര്‍ട്ട്‌മെന്റിലെ രണ്ടാംനിലയില്‍ നാല് മുതിര്‍ന്നവരും അരിയാന അടക്കം രണ്ട് കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇവര്‍ ഉറങ്ങുന്നതിനിടെയാണ് അരിയാനയ്ക്ക് നേരേ വെടിവെപ്പുണ്ടായത്. കിടപ്പുമുറിയുടെ മുന്നിലായിരുന്നു അരിയാന ഉറങ്ങിയിരുന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. 

വെടിയേറ്റ് കുട്ടിയുടെ ശ്വാസകോശത്തിലും കരളിലും ഗുരുതരമായ പരിക്കേറ്റെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെന്നും കുട്ടി സുഖംപ്രാപിച്ച് വരികയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

അതേസമയം, അരിയാനയ്ക്ക് നേരേ നടന്ന വെടിവെപ്പ് ആസൂത്രിതമാണെന്ന് കുട്ടിയുടെ പിതാവായ ഡെറിക് ഡെലാനെ ആരോപിച്ചു. 'മകള്‍ പെട്ടെന്ന് ചാടിയെഴുന്നേറ്റാണ് ഡാഡീ, എനിക്ക് വെടിയേറ്റെന്ന് പറഞ്ഞത്. അത് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. മുറിയില്‍ ചോരപ്പാടുകള്‍ കണ്ടതോടെയാണ് മകള്‍ ആക്രമിക്കപ്പെട്ടെന്ന് മനസിലായത്'- ഡെറിക് പറഞ്ഞു. ഇത് തങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണമാണെന്നും വിവരമറിയിച്ചിട്ടും പോലീസ് സ്ഥലത്തെത്താന്‍ വൈകിയെന്നും അദ്ദേഹം ആരോപിച്ചു. രാവിലെ ഏഴുമണി വരെ പോലീസുകാരാരും സ്ഥലത്തെത്തിയില്ലെന്നാണ് ഡെറിക്കിന്റെ ആരോപണം. 

അതേസമയം, സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും അക്രമത്തിന് പിന്നിലെ കാരണം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഹൂസ്റ്റണ്‍ പോലീസ് അറിയിച്ചു. കുട്ടിയെയോ കുടുംബത്തിലെ മറ്റുള്ളവരെയോ ലക്ഷ്യമിട്ടാണോ വെടിവെപ്പ് നടത്തിയതെന്ന കാര്യം പരിശോധിച്ചുവരികയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. പോലീസ് സ്ഥലത്തെത്താന്‍ വൈകിയെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി ഹൂസ്റ്റണ്‍ പോലീസ് ചീഫ് ട്രോയ് ഫിന്നറും വ്യക്തമാക്കി. 

2020-ലാണ് ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡിനെ പോലീസ് ഉദ്യോഗസ്ഥനായ ഡെറിക് ചൗ ദാരുണമായി കൊലപ്പെടുത്തിയത്. ജോര്‍ജ് ഫ്‌ളോയിഡിന്റെ കഴുത്ത് പോലീസുകാരന്‍ കാല്‍മുട്ടിനിടയില്‍ ഞെരിച്ചമര്‍ത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തില്‍ ലോകവ്യാപകമായി ശക്തമായ പ്രതിഷേധമാണുയര്‍ന്നത്. ജോര്‍ജ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനെ പിന്നീട് ശിക്ഷിക്കുകയും ചെയ്തു. 

Content Highlights: george floyds grand niece injured in shooting at her home in usa