പാലോട്(തിരുവനന്തപുരം): സംരക്ഷിത വനമേഖലയിലെ വൈഡൂര്യഖനനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നതസംഘമെത്തി. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് വൈഡൂര്യഖനനം നടന്ന ഇടിഞ്ഞാര്‍ മണച്ചാലില്‍ എത്തിയത്. ചൊവ്വാഴ്ച രാവിലെ പത്തോടെ പാലോട് റേഞ്ച് ഓഫീസില്‍ എത്തിയ ശേഷമാണ് മണച്ചാലിലേക്കു പോയത്. കൊല്ലം സി.സി.എഫ്. സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് എത്തിയത്. ഇടിഞ്ഞാര്‍ ബ്രൈമൂറില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ കാല്‍നടയും ജീപ്പ് യാത്രയുമൊക്കെയായിട്ടാണ് സംഘം മണച്ചാലിലെത്തിയത്. ഇവിടെ നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ രണ്ട് കുഴികള്‍ കണ്ടെത്തി. ഇവയ്ക്ക് അധികം കാലപ്പഴക്കമില്ലെന്നും കണ്ടെത്തി.

നല്ല മഴക്കാലമായിട്ടുപോലും ഒന്നിലധികംപേര്‍ ഇവിടെ താമസിച്ചിരുന്നതിന്റെ ശേഷിപ്പുകളുമുണ്ട്. മദ്യക്കുപ്പികള്‍ ഉള്‍പ്പെടെ കണ്ടെടുത്തിട്ടുണ്ട്. പാറ പൊട്ടിക്കുന്നതിനുള്ള വലിയ ചുറ്റികകള്‍, കമ്പിപ്പാരകള്‍, വെള്ളം വറ്റിക്കുന്നതിനുള്ള ചെറിയ മോേട്ടാറുകള്‍ എന്നിവയും ഇവിടെനിന്നു കണ്ടെടുത്തിട്ടുണ്ട്.

വനംവകുപ്പിന്റെ ക്യാമ്പ് ഷെഡ്ഡിന്റെ അരക്കിലോമീറ്റര്‍ അകലെയാണ് ഖനനം നടത്തിയിരിക്കുന്നത്. ഖനനം നടന്നൂയെന്ന് പറയപ്പെടുന്ന ദിവസങ്ങളില്‍ വനംവകുപ്പ് വാച്ചര്‍മാരെ പിന്‍വലിച്ചതിലും ദുരൂഹതയുള്ളതായി ആരോപണമുണ്ട്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെ ഖനനം നടത്തിയതിന് ഭരതന്നൂര്‍ സ്വദേശികളെ പിടികൂടിയിരുന്നു. ഈ സംഘത്തിലെ ചിലരെയും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.

വനംവകുപ്പ് ജീവനക്കാരുടെ ഒത്താശയില്ലാതെ ഇത്രയധികം ആധുനിക സൗകര്യങ്ങളോടെ വൈഡൂര്യഖനനം നടക്കില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നേരത്തെയും ഇവിടെ വൈഡൂര്യഖനനം നടത്തിയ സംഭവത്തില്‍ ആറുപേരെ അറസ്റ്റുചെയ്തിരുന്നു. അന്നും വനപാലകരുടെ സഹായത്തോടെയാണ് സംഘം ഖനനം നടത്തിയത്. കുറ്റക്കാരെന്നു കണ്ടെത്തിയ ജീവനക്കാരെ സ്ഥലംമാറ്റുക മാത്രമാണ് അന്ന് ചെയ്തത്. കനത്ത മഴയായതിനാല്‍ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാര്‍ഡുകളെ ഇപ്പോള്‍ പിന്‍വലിച്ചുവെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. ഈ സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഖനനം നടത്തി പിടിക്കപ്പെട്ട പ്രതികളെയും ചോദ്യംചെയ്യുന്നുണ്ട്. അന്നത്തെ സംഘം ഇപ്പോള്‍ പല ഗ്രൂപ്പുകളായി എന്നാണ് വിവരം.

മണച്ചാല്‍ വൈഡൂര്യം തേടുന്നവരുടെ ഇഷ്ടസ്ഥലം

പൊന്മുടിയുടെ അടിവാരമായ മണച്ചാലാണ് വൈഡൂര്യം തേടുന്നവരുടെ ഇഷ്ടഖനി. വര്‍ഷങ്ങളായി ഇവിടെ ഒളിഞ്ഞും തെളിഞ്ഞും വൈഡൂര്യഖനനം നടക്കുന്നുണ്ട്. രണ്ടുവര്‍ഷം മുമ്പ് ആറുപേര്‍ അറസ്റ്റിലായി.

മൃഗവേട്ടയും വൈഡൂര്യഖനനവുമായി തമ്പടിച്ചിരുന്നവരായിരുന്നു സംഘം. പാലോട്‌ േറഞ്ചില്‍ ബ്രൈമൂറില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ഉള്‍വനത്തിലാണ് മണച്ചാല്‍. കാല്‍നടയാണ് ആശ്രയം. ബ്രൈമൂറിലെത്തിയ ബ്രിട്ടീഷുകാരുടെ കുതിരപ്പാത്തിയായിരുന്നു ഇവിടം. ബ്രിട്ടീഷുകാര്‍ നിര്‍മിച്ച അയ്യപ്പക്ഷേത്രവും ഈ ഉള്‍വനമധ്യത്തിലുണ്ട്.