ഇടുക്കി: ഗവ. എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥി ധീരജിനെ കുത്തിക്കൊലപ്പെടുത്തിയത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിയെന്ന് പോലീസ്. സംഭവത്തിന് ശേഷം ഇയാള്‍ കടന്നുകളഞ്ഞതായും ഇയാളെ കണ്ടെത്താന്‍ അന്വേഷണം തുടരുന്നതായും പോലീസ് പറഞ്ഞു. 

എസ്.എഫ്.ഐ പ്രവര്‍ത്തകനായ ധീരജിനെ കൊന്നത് നിഖില്‍ പൈലിയാണെന്ന് എസ്.എഫ്.ഐ. പ്രവര്‍ത്തകരും സി.പി.എം. നേതാക്കളും നേരത്തെ ആരോപിച്ചിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷികളായവരും ഇതേകാര്യം തന്നെയാണ് പറഞ്ഞത്. ഇതിനുപിന്നാലെയാണ് കൊലക്കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിയാണെന്ന് പോലീസും വ്യക്തമാക്കിയിരിക്കുന്നത്. 

കാമ്പസിന് പുറത്തെത്തിയപ്പോളാണ് ധീരജിനെ കുത്തിവീഴ്ത്തിയതെന്നും ആക്രമണത്തില്‍ മറ്റ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. നിഖില്‍ പൈലിയെ കണ്ടെത്താന്‍ മൊബൈല്‍ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. ഇയാള്‍ നേര്യമംഗലം ഭാഗത്തേക്ക് കടന്നതായാണ് സൂചന. വൈകാതെ തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് പോലീസ് കേന്ദ്രങ്ങള്‍ നല്‍കുന്നവിവരം. 

തിങ്കളാഴ്ച കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് കാമ്പസിന് പുറത്തുവെച്ച് ധീരജിനും മറ്റുരണ്ടുപേര്‍ക്കും കുത്തേറ്റത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ കാമ്പസിനുള്ളില്‍ നേരിയ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് അതിക്രൂരമായ കൊലപാതകം നടന്നത്. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ് കൊല്ലപ്പെട്ട ധീരജ്. ഏഴാം സെമസ്റ്റര്‍ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

Content Highlights: SFI Activist Dheeraj Murder; Police confirms Youth congress leader behind murder