ടെഹ്റാൻ: സ്വവർഗാനുരാഗിയായ യുവാവിനെ ഇറാനിൽ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സാമൂഹികമാധ്യമങ്ങളിൽ സിനിമാതാരങ്ങളടക്കം നിരവധിപേർ കൊലപാതകത്തെ അപലപിച്ച് രംഗത്തെത്തി. അതേസമയം, കൊലപാതകം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ഇറാനിയൻ അധികൃതർ തയ്യാറായിട്ടില്ലെന്ന് ബി.ബി.സി. റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞയാഴ്ചയാണ് അലി ഫസേലി മൊൻഫരേദ്(20) എന്ന അലിറേസയെ തട്ടിക്കൊണ്ടുപോയി തലയറുത്ത് കൊന്നത്. തെക്ക്-പടിഞ്ഞാറൻ ഇറാനിലെ അഹ്വാസ് നഗരത്തിലായിരുന്നു സംഭവം. സ്വവർഗാനുരാഗി ആയതിനാൽ അലിറേസയുടെ ബന്ധുക്കൾ തന്നെയാണ് കൊലപാതകം നടത്തിയതെന്നാണ് ആരോപണം. എന്നാൽ, യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെയും ആരെയും പിടികൂടിയതായി വിവരമില്ല.

ഇറാനിലെ സ്വവർഗാനുരാഗികളുടെ കൂട്ടായ്മാണ് അലിറേസയുടെ കൊലപാതകവിവരം ആദ്യം പുറംലോകത്തെ അറിയിച്ചത്. തലയറുത്ത് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം മരച്ചുവട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. മാതാവിനെ സന്ദർശിക്കാനായി അഹ്വാസിലേക്ക് പോയ അലിയെ ബന്ധുക്കൾ തന്നെ കൊലപ്പെടുത്തിയെന്നാണ് പങ്കാളിയായ അഖിൽ അബയാത്തിന്റെ ആരോപണം.

''മാതാവിനെ കാണാനും സൈനികസേവനത്തിൽനിന്ന് ഇളവ് നേടിയതിന്റെ കാർഡ് വാങ്ങാനും മൊബൈൽ ഫോൺ വിൽക്കാനുമാണ് അലി അഹ്വാസിലേക്ക് പോയത്. അതിനുശേഷം തുർക്കിയിൽ എന്റെ അടുത്തേക്ക് വരാനിരിക്കുകയായിരുന്നു. യൂറോപ്പിൽ അഭയാർഥിയായി പ്രവേശിക്കാനും അദ്ദേഹം ഉദ്ദേശിച്ചിരുന്നു. ഒരു സ്വവർഗാനുരാഗിയായി ഇറാനിൽ ജീവിക്കേണ്ടിവരുന്നതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് അവൻ പലപ്പോഴും പറഞ്ഞിരുന്നു. കുടുംബത്തിൽനിന്ന് വധഭീഷണിയുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു.

"അവൻ പ്ലാസ്റ്റിക് സർജറി നടത്തിയതിൽ കുടുംബത്തിൽനിന്ന് എതിർപ്പുയർന്നിരുന്നു. വസ്ത്രധാരണത്തെക്കുറിച്ചും പരാതികളുണ്ടായി. സൈനികസേവനത്തിൽനിന്ന് ഇളവ് നേടിയെന്ന് കണ്ടെത്തിയാൽ അവന്റെ കുടുംബം അവനെ കൊല്ലുമെന്ന് ഭയപ്പെട്ടിരുന്നു.''- അബായത്ത് പ്രതികരിച്ചു.

ഒരു ദിവസം ലോകമാകെ പ്രശസ്തനാകുമെന്ന് ആഗ്രഹിച്ചയാളാണ് അലിറേസയെന്ന് മറ്റൊരു സുഹൃത്തും അനുസ്മരിച്ചു. "അവൻ ഒരു സ്വവർഗാനുരാഗിയാണെന്ന് അവന്റെ മാതാവിന് അറിയുമായിരുന്നില്ല. എന്നാൽ അവൻ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചില ചിത്രങ്ങളുടെ പേരിൽ ഭീഷണി നേരിട്ടിരുന്നതായി അവർക്കറിയാമായിരുന്നു.പക്ഷേ, ഇപ്പോൾ ആ ഭീഷണി കൊലപാതകത്തിൽ കലാശിച്ചിരിക്കുന്നു."- സുഹൃത്ത് പറഞ്ഞു.

ഇറാനിലെ യുവാക്കൾക്ക് സൈനികസേവനം നിർബന്ധിതമാണ്. സ്വവർഗാനുരാഗികൾക്കും ട്രാൻസ്ജെൻഡറുകൾക്കും ഇതിൽ ഇളവ് ലഭിക്കും. അവർക്ക് മാനസികപ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞാണ് ഇളവ് അനുവദിക്കുന്നത്. ഇത്തരത്തിലാണ് അലിറേസക്കും സൈനികസേവനത്തിൽ ഇളവ് ലഭിച്ചത്.

സ്വവർഗരതിയും സ്വവർഗാനുരാഗ ബന്ധങ്ങളും ഇറാനിൽ നിയമവിരുദ്ധമാണ്. സ്വവർഗാനുരാഗികളെ വധശിക്ഷയ്ക്ക് വരെ വിധേയമാക്കുകയും ചെയ്യും. ഇതിനിടെയാണ് സ്വവർഗാനുരാഗിയായ യുവാവിനെ ബന്ധുക്കൾ തന്നെ കൊലപ്പെടുത്തിയെന്ന വിവരം പുറത്തുവരുന്നത്. അതേസമയം, സംഭവത്തിൽ ചില അറസ്റ്റുകൾ നടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടെങ്കിലും ഇറാൻ അധികൃതർ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ലെന്നാണ് ബി.ബി.സിയുടെ റിപ്പോർട്ട്.

Content Highlights:gay man killed in iran