മുംബൈ: ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് ഭക്ഷണവുമായി എത്തിയ മാതാവ് ഗൗരി ഖാനെ തടഞ്ഞ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) ഉദ്യോഗസ്ഥര്‍. മഗ്‌ഡൊണാള്‍സിന്റെ ഏതാനും പായ്ക്കറ്റ് ബര്‍ഗറുകളുമായാണ് ഗൗരി ഖാന്‍ ആര്യനെ കാണാനായി എന്‍.സി.ബി ഓഫിസിലെത്തിയത്. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ആര്യന് പുറത്തുനിന്ന് കൊണ്ടുവന്ന ഭക്ഷണം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. 

ആഡംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടിക്ക് ഇടയില്‍ അറസ്റ്റിലായ ആര്യന്‍ ഖാനും സുഹൃത്തുക്കള്‍ക്കും വീട്ടില്‍ നിന്നുള്ള ഭക്ഷണം എത്തിക്കാന്‍ അനുമതിയില്ല. അതിനാല്‍ വഴിയോരത്തുള്ള കടയില്‍ നിന്നും ഹോട്ടലില്‍ നിന്നുമാണ് ഇവര്‍ക്ക് ഭക്ഷണം ഏര്‍പ്പാടാക്കിയിരിക്കുന്നത്. പൂരി-ബാജി, ദാല്‍ -ചോറ്, പറാത്ത -കറി തുടങ്ങിയ വിഭവങ്ങള്‍ക്ക് പുറമേ അടുത്തുള്ള ഹോട്ടലില്‍ നിന്നുള്ള ബിരിയാണി, പുലാവ് തുടങ്ങിയവയുമാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ ലോക്കപ്പില്‍ കഴിയുന്ന ആര്യനടക്കമുള്ളവര്‍ക്ക് നല്‍കുന്നത്. 

എന്‍.സി.ബി.യുടെ കസ്റ്റഡിയിലുള്ള ആര്യന്‍ ഖാന്‍ വായിക്കാന്‍ ചോദിച്ചത് ശാസ്ത്ര പുസ്തകങ്ങളാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കസ്റ്റഡിയില്‍ കഴിയുന്നതിനിടെ ആര്യന്‍ ഖാന്‍ ശാസ്ത്ര പുസ്തകങ്ങളാണ് വായിക്കാന്‍ ചോദിച്ചതെന്നും ആര്യന്റെ ആവശ്യപ്രകാരം എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ ഇത് നല്‍കി. 

അതിനിടെ, ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാനെയും മറ്റുള്ളവരെയും എന്‍.സി.ബി. സംഘം ചോദ്യംചെയ്തുവരികയാണ്. വിശദമായ അന്വേഷണത്തിനായി ആര്യന്റെ മൊബൈല്‍ ഫോണ്‍ ഗാന്ധിനഗറിലെ ഫൊറന്‍സിക് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ പരിശോധനയില്‍ ഫോണില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ കണ്ടെടുക്കാനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. 

ആഡംബര കപ്പലില്‍നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസുമായി ബന്ധപ്പെട്ട് ഇതുവരെ 16 പേരാണ് അറസ്റ്റിലായത്. ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവര്‍ക്ക് പുറമേ കപ്പലില്‍ പാര്‍ട്ടി സംഘടിപ്പിച്ച ഇവന്റ് മാനേജ്മെന്റ് കമ്പനിയിലെ നാല് ജീവനക്കാരും ഇതില്‍ ഉള്‍പ്പെടുന്നു. ആര്യന്‍, അര്‍ബാസ്, മുണ്‍മുണ്‍ ധമേച്ച എന്നിവരെ വ്യാഴാഴ്ച വരെയാണ് എന്‍.സി.ബി.യുടെ കസ്റ്റഡിയില്‍വിട്ടത്.

Content Highlights: Gauri Khan brings burgers for son Aryan Khan, NCB sleuths disallow her pleas on security grounds