തൃശ്ശൂര്‍: ടൗണ്‍ കേന്ദ്രീകരിച്ച് വാടകയ്ക്ക് വീടെടുത്ത് കഞ്ചാവ് മൊത്തവിതരണം നടത്തിവന്ന സംഘത്തിലെ പ്രധാനി അറസ്റ്റിലായി. തൃശ്ശൂര്‍ പൊങ്ങണംകാട് സ്വദേശി അനീഷി(33)നെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. രണ്ടരക്കിലോ കഞ്ചാവ് പിടിച്ചെടുത്തു. ബൈക്കും പിടിച്ചിട്ടുണ്ട്.

ആന്ധ്രാപ്രദേശില്‍നിന്ന് മൊത്തമായി കഞ്ചാവ് സംഭരിച്ചാണ് വില്പന നടത്തിവന്നത്. ആവശ്യക്കാര്‍ക്ക് മൊബൈലില്‍ വില പറഞ്ഞ് ഉറപ്പിച്ചശേഷം ടൗണിന്റെ വിവിധ ഭാഗങ്ങളിലായാണ് ഇയാള്‍ വില്പന നടത്തിയിരുന്നത്. എളനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ കഞ്ചാവ് സംഘത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ അനീഷ്. കൂട്ടാളികളായ മറ്റു രണ്ടുപേര്‍ ആന്ധ്രയില്‍നിന്ന് വന്‍തോതില്‍ കഞ്ചാവും ഹാഷിഷ് ഓയിലും ശേഖരിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഭരിച്ചുവെയ്ക്കുകയായിരുന്നു.

തൃശ്ശൂര്‍, എറണാകുളം ഭാഗങ്ങളില്‍ ആവശ്യക്കാരെ കണ്ടെത്തി മൊത്തമായി വിതരണം ചെയ്യുന്നതാണ് രീതി.

മാസത്തില്‍ മൂന്നുതവണ ആന്ധ്രയില്‍ പോയി വന്‍തോതില്‍ കഞ്ചാവും ഹാഷിഷ് ഓയിലും കൊണ്ടുവരുന്നതായി പ്രതി എക്‌സൈസിനോട് പറഞ്ഞു.

റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഹരിനന്ദനന്‍, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ വി. സലിം, പ്രിവന്റീവ് ഓഫീസര്‍മാരായ സി.യു. ഹരീഷ്, കെ.എം. സജീവ്, ടി.ആര്‍. സുനില്‍കുമാര്‍, ഉദ്യോഗസ്ഥരായ കൃഷ്ണപ്രസാദ്, ടി.ആര്‍. സുനില്‍, ഷാജു, ബിബിന്‍ ചാക്കോ, സനീഷ്‌കുമാര്‍, ജെയ്‌സന്‍ ജോസ്, വിപിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഒരു കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയില്‍ 

കുന്നംകുളം: പെരുമ്പിലാവ് പൊറവൂര്‍ റോഡില്‍നിന്ന് ഒരു കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശിയെ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. പെരുമ്പിലാവിലെ ഹോട്ടലില്‍ എട്ടുവര്‍ഷമായി ജോലി ചെയ്യുന്ന റഫീക് ഉദിന്‍ അഹമ്മദി(21)നെയാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. അശോക് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ഐ.ബി. ഇന്‍സ്പെക്ടര്‍ എസ്. മനോജ്, മണികണ്ഠന്‍, ഒ.എസ്. സതീഷ്, ടി.ജി. മോഹനന്‍, കെ.എസ്. ഷിബു, ടി.കെ. സുരേഷ്‌കുമാര്‍, എം. മിക്കിജോണ്‍, ഇ.ടി. രാജേഷ്, പി.ആര്‍. അര്‍ജുന്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

Content Highlights: ganja wholesale trading in thrissur