ആലുവ: കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ച് വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. ഇടുക്കി തൊടുപുഴ കുമ്മൻകല്ല് തൊട്ടിയിൽ വീട്ടിൽ റസ്സൽ( അമ്മായി റസൽ 36 ) എന്നയാളെയാണ് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ആയിരക്കണക്കിന് കിലോ കഞ്ചാവാണ് നാല് വർഷത്തിനുള്ളിൽ ഇയാൾ കേരളത്തിലെത്തിച്ച് വിതരണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. മൂന്ന് ദിവസം നീണ്ടുനിന്ന പോലീസ് ഓപ്പറേഷനൊടുവിൽ ഇടുക്കി വനമേഖലയിലെ തോപ്രാംകുടി മേലെചാന്നാർ ഭാഗത്തുള്ള ഒളിസങ്കേതത്തിൽ നിന്നാണ് റസ്സലിനെ സാഹസികമായി പിടികൂടിയത്.

കഴിഞ്ഞ നവംബറിൽ രണ്ട് ആഡംബര കാറുകളിൽ കടത്തുകയായിരുന്ന 105 കിലോ കഞ്ചാവ് അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തുവെച്ച് പിടികൂടിയിരുന്നു. തുടർന്ന് റൂറൽ പോലീസ് പ്രത്യേക സംഘം രൂപവത്‌കരിച്ച് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയും കേരളത്തിലെ കഞ്ചാവ് വിതരണ ശൃംഖലയെക്കുറിച്ച് നിർണായക വിവരങ്ങൾ കണ്ടെത്തുകയും ചെയ്തു.

വിശദമായ അന്വേഷണത്തിൽ കേരളത്തിലേക്കുളള കഞ്ചാവ് വിതരണത്തിന്റെ പ്രധാന കേന്ദ്രം ആന്ധ്രയിലുളള പാഡേരു എന്ന ഗ്രാമം ആണെന്ന് മനസ്സിലായി. ഇവിടെ നിന്നാണ് കേരളം ,തമിഴ്നാട്, കർണാടക ,ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കഞ്ചാവ് കയറ്റി അയക്കുന്നത്. ആന്ധ്ര കേന്ദ്രീകരിച്ചു കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മലയാളികളെ സംബന്ധിച്ച് വ്യക്തമായ വിവരം അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാനികളും മൊത്ത വിതരണക്കാരുമായ ആറ് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതിലെ പ്രധാനികളായ തൊടുപുഴ സ്വദേശി അൻസിൽ, പെരുമ്പിള്ളിച്ചിറ സ്വദേശി കുഞ്ഞുമൊയ്തീൻ, വെള്ളത്തോൾ സ്വദേശി ചന്തു എന്നിവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം റസ്സലിലേക്ക് എത്തിയത്. തുടർന്ന് കല്ലൂർക്കാട് പോലീസും ഡാൻസാഫ് ടീമും ചേർന്ന് റസ്സലിന്റെ വീട് കണ്ടെത്തി പരിശോധന നടത്തി അലമാരയിൽ പായ്ക്കറ്റുകളിൽ ആയി സൂക്ഷിച്ചിരുന്ന 39 കിലോ വരുന്ന കഞ്ചാവ് പിടികൂടുകയായിരുന്നു. സംഭവത്തെത്തുടർന്ന് പ്രതി റസ്സൽ ഒളിവിൽ പോയി.

കഞ്ചാവ് വിറ്റ് കിട്ടിയ പണവുമായി ഊട്ടി ഗോവ കുളുമണാലി തുടങ്ങി സുഖവാസ കേന്ദ്രങ്ങളിൽ ഒളിവ് ജീവിതം നയിക്കുകയായിരുന്നു ഇയാൾ. ഇവിടെനിന്ന് ഇടുക്കിയിൽ തിരിച്ചെത്തിയതോടെയാണ് പ്രതി പോലീസിന്റെ പിടിയിലായത്.

ഇയാളിൽനിന്ന് ലഹരിവിൽപ്പന നടത്തുന്ന കൂടുതൽപേരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ പരിശോധന ശക്തമാക്കി കൂടുതൽ അറസ്റ്റിലേക്ക് കടക്കുമെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി കാർത്തിക് അറിയിച്ചു. ആലുവ നാർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി കെ.അശ്വകുമാർ, സബ് ഇൻസ്പെക്ടർമാരായ ടി.എം.സൂഫി, വി.എ.അസീസ്സ്. എസ്.സി.പി.ഒ മാരായ ജിമ്മോൻ ജോർജ്ജ്, പി.എൻ.രതീശൻ ജില്ലാ ഡാൻസാഫ് അംഗങ്ങളായ പി.എം ഷാജി, കെ.വി.നിസാർ, ടി.ശ്യാംകുമാർ, വി.എസ്.രഞ്ജിത്ത്, ജാബിർ, മനോജ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Content Highlights:ganja smuggling to kerala main accused arrested by police