പാലക്കാട്: ആന്ധ്രയിലും ഒഡിഷയിലും കഞ്ചാവ് വിളവെടുപ്പ് തുടങ്ങിയതോടെ കേരളത്തിലേക്ക് കഞ്ചാവിന്റെ കടത്ത് കൂടി. തീവണ്ടിയാത്രയ്ക്ക് തടസ്സമേറെയുള്ളതിനാൽ നിലവിൽ റോഡ് മാർഗമാണ് കേരളത്തിലെത്തുന്നത്. കൊണ്ടുവരുന്നതിന്റെ ചെറിയ ഒരു ശതമാനം മാത്രമാണ് പിടിയിലാവുന്നത്. ഡിസംബർ ആദ്യവാരത്തിൽമാത്രം 12 കേസുകളിലായി 45 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയിട്ടുള്ളത്. ഒരു കിലോഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.

ആന്ധ്രയിലെ വിശാഖപട്ടണം, തുണി, പാടേരു, ശ്രീകാകുളം, കരീംനഗർ, ഒഡിഷയിലെ ബ്രഹ്മപുർ, റായ്ഗഡ, മോഹന, ഗജപതി ജില്ലകളിലാണ് കഞ്ചാവ് കൃഷി കൂടുതലായുള്ളതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലകളിലേക്കാണ് കേരളത്തിൽനിന്ന് വാഹനങ്ങളെത്തുന്നതെന്നും വ്യക്തമായിട്ടുണ്ട്. വിശാഖപട്ടണത്തിൽനിന്ന് വാളയാറിലേക്ക് 24 മണിക്കൂറിനകം ദേശിയപാതയിലൂടെ എത്താനാവുമെന്ന സൗകര്യവും ഇത്തരക്കാർക്ക് അനുകൂല ഘടകമാകുന്നുണ്ട്.

ആന്ധ്രയിലും ഒഡിഷയിലും കർഷകരായെത്തിയിട്ടുള്ളവരിൽ നല്ലൊരുപങ്കും രാജാക്കാട്, അടിമാലി, കോതമംഗലം തുടങ്ങിയ ഭാഗങ്ങളിൽ നിന്നെത്തിയവരാണ്.

ആറ് മാസംകൊണ്ട് വിളവെടുക്കാനാവുന്ന കൃഷിയിലെ ലാഭമാണ് പിടിക്കപ്പെട്ടാലുള്ള കടുത്ത ശിക്ഷയെ മറന്നും കഞ്ചാവ് കൃഷിയിലേക്കിറങ്ങാൻ പ്രേരിപ്പിക്കുന്നത്. ജൂൺ, ജൂലായ് മാസങ്ങളിലാണ് കൃഷിയിറക്കുന്നത്. നല്ല തണുപ്പുള്ള കാലാവസ്ഥയിലാണ് മികച്ചവിളവ് ലഭിക്കുക. ഒരേക്കറിൽ 600 ചെടികൾ വളരും.

വലിയ അളവ് കഞ്ചാവ് അവിനാശിയിലും കോയമ്പത്തൂരിന്റെ അതിർത്തിമേഖലകളിലും സൂക്ഷിച്ച് ആവശ്യക്കാർക്ക് ചെറിയ അളവിൽ നൽകുന്നതായും അധികൃതർ കണ്ടെത്തിയിട്ടുണ്ട്.

വിളവെടുപ്പ് കാലമായതോടെ അവിടെ കിലോഗ്രാമിന് രണ്ടായിരം രൂപയ്ക്കടുത്ത് മാത്രമാണ് ഈടാക്കുന്നത്. പ്രാദേശികമായി 10 ഗ്രാമിന് അഞ്ഞൂറ് രൂപ മുതൽ ആയിരം രൂപവരെ ചില്ലറവില്പനയ്ക്ക് ഈടാക്കുന്നുമുണ്ട്.

സ്ഥിരം കുറ്റവാളികളും കളത്തിൽ

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മദ്യമുൾപ്പെടെയുള്ള ലഹരിവസ്തുക്കൾ സംസ്ഥാനത്തിനകത്തേക്കെത്തിക്കാൻ ലഹരികടത്തുകേസുകളിലെ സ്ഥിരം കുറ്റവാളികളും രംഗത്ത്. എക്സൈസ് രഹസ്യാന്വേഷണവിഭാഗത്തിന്റെ അന്വേഷണത്തിലാണിക്കാര്യം കണ്ടെത്തിയത്.

ഇതേത്തുടർന്ന് അബ്കാരി, എൻ.ഡി.പി.എസ്. കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള മുൻ കുറ്റവാളികളെ സംബന്ധിച്ച് എല്ലാ റേഞ്ച് ഓഫീസുകളിലും വിവരങ്ങൾ ശേഖരിച്ചുതുടങ്ങി. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ അതിർത്തി ചെക്പോസ്റ്റുകളിലും കർശന ജാഗ്രതാനിർദേശം നൽകി.

Content Highlights:ganja smuggling to kerala