ആലുവ:  കല്ലൂര്‍ക്കാട് 40 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പായിപ്ര വെള്ളൂര്‍കുന്നം കുറ്റിയാനിക്കല്‍ വീട്ടില്‍ മാധവ് കെ. മനോജ്(26) ആണ് അറസ്റ്റിലായത്. കഞ്ചാവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാട് നടത്തുന്നത് ഇയാളാണെന്ന് പോലീസ് പറഞ്ഞു.

കല്ലൂര്‍കാട് കഞ്ചാവ് കേസില്‍ മുഖ്യപ്രതിയായ റസലിന്റെ സാമ്പത്തിക ഇടപാട് നിയന്ത്രിക്കുന്നത് മാധവാണ്. കഞ്ചാവ് സംഘത്തിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറുന്നതും ആവശ്യക്കാര്‍ പണം നിക്ഷേപിക്കുന്നതും ഇയാളുടെ അക്കൗണ്ട് വഴിയായിരുന്നു. ആന്ധ്രയില്‍ നിന്നുമാണ് സംഘം കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നത്. 

കഴിഞ്ഞ നവംബറിലാണ് റസല്‍ വാടകയ്ക്ക് എടുത്ത വീട്ടില്‍ നിന്ന് 40 കിലോ കഞ്ചാവ് പിടികൂടിയത്. ഇവര്‍ക്ക് കഞ്ചാവ് നല്‍കുന്ന ആന്ധ്ര സ്വദേശി പല്ലശ്രീനിവാസ റാവുവിനെ ആന്ധ്രയില്‍നിന്ന് റൂറല്‍ പോലീസ് സാഹസികമായി അറസ്റ്റ്‌ചെയ്തിരുന്നു. ഇതോടെ ഈ കേസില്‍ മാത്രം അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം അഞ്ചായി.  കേരളത്തിലെ വമ്പന്‍ മയക്കുമരുന്ന് ശൃംഖലയെയാണ് പിടികൂടാന്‍ കഴിഞ്ഞതെന്ന് റൂറല്‍ എസ്.പി കെ. കാര്‍ത്തിക് പറഞ്ഞു. എസ്.എച്ച്.ഒ എം.സുരേന്ദ്രന്‍, എസ്.ഐ മാരായ പി.എം ഷാജി, കെ.വി നിസാര്‍ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ ജിമ്മോന്‍ ജോര്‍ജ്, ടി.ശ്യാംകുമാര്‍, പി. എന്‍.രതീശന്‍, ജാബിര്‍, മനോജ്, രഞ്ജിത്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Content Highlights: ganja smuggling case one more accused arrested