തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും വന്‍ കഞ്ചാവ് വേട്ട. രണ്ട് കാറുകളിലായി കടത്തിയ 205 കിലോ കഞ്ചാവ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. സംഭവത്തില്‍ വഞ്ചിയൂര്‍ സ്വദേശി സുരേഷ്, തിരുവനന്തപുരം മെഡി. കോളേജ് സ്വദേശി ജോയി എന്നിവരെ കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് രണ്ട് കാറുകളില്‍ കഞ്ചാവ് കടത്തിയ സംഘത്തെ എക്‌സൈസ് പിന്തുടര്‍ന്ന് പിടികൂടിയത്. എക്‌സൈസ് വളഞ്ഞതോടെ കാറുകളിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു.
തിരുവനന്തപുരം നഗരത്തിലും സമീപപ്രദേശങ്ങളിലും വിതരണം ചെയ്യാനായി ആന്ധ്രയില്‍നിന്നാണ് പ്രതികള്‍ കഞ്ചാവ് എത്തിച്ചതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിയിലായ സുരേഷ് രണ്ട് കൊലക്കേസുകളിലും പ്രതിയാണ്. ആഴ്ചകള്‍ക്ക് മുമ്പ് ആറ്റിങ്ങലില്‍ കണ്ടെയ്‌നര്‍ ലോറിയില്‍ കടത്തിയ 500 കിലോ കഞ്ചാവും എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയിരുന്നു.
Content Highlights: ganja seized in trivandrum by excise