പാലിയേക്കര: ടോള്‍ പ്‌ളാസയില്‍ മിനിലോറിയിലെ രഹസ്യ അറയില്‍ കടത്തുകയായിരുന്ന 144 കിലോ കഞ്ചാവ് പിടികൂടി. രണ്ടുപേര്‍ അറസ്റ്റില്‍. ലോറിയിലുണ്ടായിരുന്ന പട്ടാമ്പി ഓങ്ങല്ലൂര്‍ തെക്കേപുരക്കല്‍ ഷണ്‍മുഖദാസ് (27), ഷൊര്‍ണൂര്‍ പരുത്തിപ്ര ഇടത്തൊടി അരുണ്‍ (27) എന്നിവരെ ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷിന്റെ നേതൃത്വത്തില്‍ പിടികൂടി. കഞ്ചാവ് ആലുവയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. രഹസ്യവിവരത്തെത്തുടര്‍ന്ന് ടോള്‍ പ്ലാസയില്‍ നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. രണ്ടുകോടി രൂപ ചില്ലറവിപണിവിലയുള്ളതാണ് കഞ്ചാവ്. ആന്ധ്രയില്‍നിന്ന് പച്ചക്കറി കൊണ്ടുവരുന്ന ലോറിയിലാണ് കഞ്ചാവ് കടത്തിയിരുന്നത്. ലോറിയില്‍ പ്രത്യേക അറ ഉണ്ടാക്കി, അതിനു മുകളില്‍ പച്ചക്കറി കൊണ്ടുവരുന്ന പ്ലാസ്റ്റിക് പെട്ടികള്‍ നിരത്തിയ നിലയിലായിരുന്നു.

പിടികൂടിയത് രണ്ടു കോടിയുടെ കഞ്ചാവ്

പുതുക്കാട്: ലോറിയുടെ രഹസ്യ അറയില്‍ കടത്തിയ കോടികള്‍ വിലവരുന്ന കഞ്ചാവാണ് പോലീസ് പാലിയേക്കരയില്‍ പിടികൂടിയത്. ആന്ധ്രയില്‍നിന്ന് കിലോയ്ക്ക് 5000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവാണ് കേരളത്തിലേക്ക് കൊണ്ടുവന്നിരുന്നത്. ചില്ലറവില്‍പ്പന നടത്തുമ്പോള്‍ ഗ്രാമിന് 500 മുതല്‍ മുകളിലേക്കാണ് വില. ലോക്ഡൗണ്‍ സാഹചര്യം മുതലെടുത്ത് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാനാണ് സംഘം ഇതര സംസ്ഥാനങ്ങളില്‍നിന്ന് കഞ്ചാവ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്.

ലോറിയുടെ പ്ലാറ്റ്‌ഫോമിനു മുകളില്‍ ഒരടിയോളം ഉയരത്തിലാണ് രഹസ്യഅറ ഉണ്ടാക്കിയിരിക്കുന്നത്. ഇതില്‍ പാക്കറ്റുകളില്‍ നിറച്ച കഞ്ചാവ് നിരത്തിവെച്ചാണ് അതിര്‍ത്തി കടത്തിയിരുന്നത്.

അറയുടെ മുകള്‍ഭാഗം വലിച്ചുനീക്കുന്നതിനായി പ്രത്യേക ചക്രങ്ങളും ഇരുമ്പുപട്ടയും ഘടിപ്പിച്ചിരുന്നു. ലോറിയുടെ കാബിന്‍ തുറന്നാല്‍ പോലും തിരിച്ചറിയാന്‍ കഴിയാത്ത തരത്തിലാണ് അറയുടെ ഘടന. ഇത്തരത്തില്‍ സജ്ജമാക്കിയ ലോറിയില്‍ മുന്‍പും കഞ്ചാവ് കടത്തിയിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ നിഗമനം. കേരള രജിസ്‌ട്രേഷനിലുള്ള വാഹനങ്ങളില്‍ ഇത്തരം രഹസ്യ അറ നിര്‍മിക്കുന്നവരെ കുറിച്ച് അന്വേഷിക്കേണ്ടതുണ്ട്.

ഒരു മാസത്തിനിടെ ചാലക്കുടി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘം 300 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. കൊരട്ടി, കൊടകര എന്നിവിടങ്ങളില്‍ നിന്നായിരുന്നു ഇത്.

പുതുക്കാട് സി.ഐ. ടി.എന്‍. ഉണ്ണികൃഷ്ണന്‍, എസ്.ഐ. സിദ്ദിഖ് അബ്ദുള്‍ഖാദര്‍, കൊടകര സി.ഐ. ജയേഷ് ബാലന്‍, ഹൈവേ പോലീസ് എസ്.ഐ. കെ.എന്‍. ഉണ്ണികൃഷ്ണന്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സില്‍ജോ, എ.യു. റെജി, ഷിജോ തോമസ്, പുതുക്കാട് എസ്.ഐ. പി.പി. ബാബു, എ.എസ്.ഐ. സി.കെ. ബിനയന്‍, ഷീബ അശോകന്‍, അമല്‍രാജ്, സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ പ്രജിത്ത് കെ.വി., രജീഷ് പി.വി., ഹൈവേ പോലീസിലെ വി.വി. വിപിന്‍ലാല്‍, ജി. ശ്രീനാഥ്, ബേസില്‍ ഡേവിഡ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.