കൊടകര: ദേശീയപാതയില്‍ പേരാമ്പ്ര അപ്പോളോ ടയേഴ്‌സിന് സമീപം കാറില്‍ കടത്തുകയായിരുന്ന 150 കിലോ കഞ്ചാവ് പിടികൂടി. രണ്ടുപേരെ കൊടകര പോലീസ് അറസ്റ്റ് ചെയ്തു. ആലുവ ചുണങ്ങംവേലി വടക്കേലാന്‍ ടോംജിത്ത്‌ടോമി (25), ആലുവ എടത്തല കൂറ്റിയേടത്ത് വിന്‍സെന്റ് സെബാസ്റ്റ്യന്‍ (30) എന്നിവരാണ് പിടിയിലായത്. ഇരുവരും ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

പിടികൂടിയത് രണ്ടുകോടി രൂപയോളം ചില്ലറവിപണിവിലയുള്ള മുന്തിയ ഇനം കഞ്ചാവാണെന്നും പോലീസ് പറഞ്ഞു. ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷിന്റെയും കൊടകര സി.ഐ. ജയേഷ് ബാലന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. പാക്കറ്റുകളാക്കി തുണികൊണ്ട് മൂടിയാണ് കാറില്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

ആന്ധ്രയില്‍നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. ഇവിടെനിന്ന് പ്രതികള്‍ കിലോയ്ക്ക് അയ്യായിരം രൂപയ്ക്ക് വാങ്ങുമെന്ന് പോലീസ് പറഞ്ഞു. കൊരട്ടി, മാള, ഇരിങ്ങാലക്കുട സ്റ്റേഷനുകളിലെ വിവിധ കേസുകളില്‍ പ്രതിയാണ് ടോംജിത്ത്. ആലുവ ഈസ്റ്റ്, കുന്നംകുളം സ്റ്റേഷനുകളില്‍ വിന്‍സെന്റിന്റെ പേരില്‍ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.